കൊച്ചി > മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരീഖ് ആലുവയിൽ തങ്ങിയത് നാലുദിവസം. സ്ഫോടകവസ്തുക്കളുള്ള കൊറിയർ ഇയാൾക്ക് മരുന്നെന്ന വ്യാജേനയാണ് എത്തിയിരുന്നതെന്നും അന്വേഷകസംഘത്തിന് വിവരം ലഭിച്ചു.
സെപ്തംബർ ആദ്യവാരമാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപത്തെ ഹോട്ടലിൽ ഷാരീഖ് എത്തിയതും താമസിച്ചതും. വയറുകുറയ്ക്കാനുള്ള മരുന്നെന്ന പേരിലാണ് കൊറിയർ എത്തിയിരുന്നത്. ഇതിൽ സ്ഫോടകവസ്തുക്കളായിരുന്നു. ഇയാൾ ആലുവയിൽ താമസിക്കാൻ ഇടയായ സാഹചര്യം, സന്ദർശിച്ചവർ ഉൾപ്പെടെയുള്ള വിവരങ്ങൾ സംസ്ഥാന തീവ്രവാദവിരുദ്ധ സ്ക്വാഡും പൊലീസും അന്വേഷിക്കുന്നുണ്ട്. ഇയാൾ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. ആലുവയ്ക്കുപുറമെ മറ്റൊരിടത്തും ഷാരീഖ് തങ്ങിയിട്ടുണ്ടെന്നും വിവരം ലഭിച്ചു.
നിരീക്ഷണം കൂടുതൽ കർക്കശമാക്കും
ദക്ഷിണേന്ത്യയിൽ സുരക്ഷാനിരീക്ഷണം കൂടുതൽ ശക്തമാക്കാൻ കേന്ദ്ര ഏജൻസികളുടെ യോഗത്തിൽ തീരുമാനം. മംഗളൂരുവിൽ ഉൾപ്പെടെ അടുത്തിടെയുണ്ടായ സ്ഫോടനങ്ങളുടെകൂടി പശ്ചാത്തലത്തിലാണിത്. തീരദേശങ്ങളിലും നിരീക്ഷണം കൂടുതൽ കർക്കശമാക്കാൻ തീരുമാനിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നും വിലയിരുത്തി. കൊച്ചി സെൻട്രൽ ഐബി ആസ്ഥാനത്തായിരുന്നു യോഗം. എൻഐഎ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, റോ ഉൾപ്പെടെ വിവിധ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്തു.