ലക്നൗ> ഉത്തര്പ്രദേശില് യുവതിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കിണറ്റില് വലിച്ചെറിഞ്ഞ സംഭവത്തില് മുന് കാമുകന് അറസ്റ്റില്. തെളിവെടുപ്പിനിടെ രക്ഷപ്പെടാന് ശ്രമിച്ച യുവാവിന് വെടിയേറ്റു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം.
കൊലപാതക കേസില് ശനിയാഴ്ചയാണ് പ്രിന്സ് യാദവ് അറസ്റ്റിലായത്. കൊലപാതകം നടന്ന സ്ഥലത്ത് യുവാവ് തോക്ക് ഒളിപ്പിച്ചുവച്ചിരുന്നു. തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചപ്പോള് പ്രിന്സ് യാദവ് ഒളിപ്പിച്ചു വച്ചിരുന്ന തോക്കെടുത്ത് പൊലീസിന് നേരെ തിരിഞ്ഞു. കസ്റ്റഡിയില് നിന്ന് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെയാണ് യുവാവിന് നേരെ പൊലീസ് വെടിയുതിര്ത്തതെന്ന് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
അസംഗഡില് കിണറ്റില് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് നവംബര് 15നാണ്. പിന്നീടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മാതാപിതാക്കളുടെ അടക്കം സഹായത്തോടെയാണ് പ്രിന്സ് യാദവ് കൊലപാതകം നടത്തിയത്. മറ്റൊരാളെ വിവാഹം കഴിച്ചതാണ് പ്രതികാരത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
നവംബര് ഒന്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് യുവതിയെ യാദവ് ബൈക്കില് കൊണ്ടുപോവുകയായിരുന്നു. ബന്ധു സര്വേഷിന്റെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തിയത്. പ്രതി കരിമ്പിന്പാടത്ത് വച്ച് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.