ദോഹ
ഏഷ്യയിൽ രണ്ടാംതവണയാണ് ലോകകപ്പ് നടക്കുന്നത്. അറബ്ലോകത്ത് ആദ്യം. 2002ൽ ജപ്പാനും ദക്ഷിണകൊറിയയും ചേർന്ന് ലോകകപ്പ് സംഘടിപ്പിച്ചു. ലോകകപ്പിന് വേദിയാകുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഖത്തർ. 32 ടീമുകൾ അണിനിരക്കുന്ന അവസാനത്തെ ലോകകപ്പാണ്. അമേരിക്കയും മെക്സിക്കോയും ക്യാനഡയും ആതിഥേയരാകുന്ന 2026ലെ ലോകകപ്പ് 48 ടീമുകളുടേതാണ്.
സാധാരണ ലോകകപ്പ് നടക്കുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണ്. ആ സമയത്ത് ഖത്തറിൽ കടുത്ത ചൂടായതിനാലാണ് തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്. പുരുഷ ലോകകപ്പിൽ ആദ്യമായി വനിതാ റഫറിമാർ എത്തുന്നതും സവിശേഷതയാണ്. ഇത്തവണ ഓരോ ടീമിനും 26 കളിക്കാരെ ടീമിൽ ഉൾപ്പെടുത്താൻ അനുവദിച്ചിട്ടുണ്ട്. നേരത്തേ അത് ഇരുപത്തിമൂന്നായിരുന്നു. കഴിഞ്ഞ യൂറോകപ്പിലും ഈ ആനുകൂല്യമുണ്ടായിരുന്നു. കോവിഡ് സാഹചര്യമാണ് കളിക്കാരുടെ എണ്ണംകൂട്ടാൻ കാരണം. പകരക്കാരെ ഇറക്കുന്നതിലും വർധനയുണ്ട്. മൂന്നിനുപകരം അഞ്ചു കളിക്കാരെ സബ്സ്റ്റിറ്റ്യൂട്ടാക്കാം.
സാങ്കേതികവിദ്യ പൂർണതോതിൽ ഉപയോഗിക്കുന്ന ലോകകപ്പാകും. ഓഫ്സൈഡ് കണ്ടുപിടിക്കാൻ പന്തിൽ സെൻസർ ഘടിപ്പിക്കും. കളിക്കാരുടെ ചലനങ്ങൾ നിരീക്ഷിക്കാൻ മൈതാനത്ത് ക്യാമറകളുണ്ടാകും. സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനിൽ റഫറിയുടെ തീരുമാനം ത്രിമാനചിത്രത്തിൽ കാണിക്കും.