കോഴിക്കോട് > കോഴിക്കോട് ഡിസിസി ഓഫീസിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഞായറാഴ്ച നടത്താനിരുന്ന പരിപാടിയിൽനിന്ന് സംഘാടകർ പിന്മാറി. കെ സി വേണുഗോപാൽ യൂത്ത് കോൺഗ്രസിനോട് പരിപാടി ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ‘സംഘപരിവാരവും മതനിരപേക്ഷതയുടെ വെല്ലുവിളികളും’ എന്ന വിഷയത്തിലുള്ള പ്രഭാഷണപരിപാടിയിലാണ് സംഘാടകരുടെ പിന്മാറ്റം.
യൂത്ത് കോൺഗ്രസ് പിൻവലിഞ്ഞതോടെ തരൂർ പക്ഷക്കാരനായ എം കെ രാഘവൻ എംപി ഇടപെട്ടതിനെ തുടർന്ന് കൊടുവള്ളി കേന്ദ്രമായുള്ള ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടി ഏറ്റെടുത്തിട്ടുണ്ട്. ഡിസിസി ഓഫീസിൽനിന്ന് കെ പി കേശവമേനോൻ സ്മാരക ഹാളിലേക്ക് വേദി മാറ്റി. എം കെ രാഘവൻ എംപിയും ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറുമാണ് നേരത്തെ നിശ്ചയിക്കപ്പെട്ട പ്രകാരം പരിപാടിയിലെ മറ്റ് അതിഥികൾ.
ജില്ലയിലെ മറ്റ് പരിപാടികൾക്ക് മാറ്റമുണ്ടാവില്ലെന്ന് തരൂർ പക്ഷത്തോടൊപ്പം നിൽക്കുന്ന നേതാക്കൾ അറിയിച്ചു.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളാണ് മറ്റ് പരിപാടികളുടെ സംഘാടകർ. ലോയേഴ്സ് കോൺഗ്രസ് കെ പി കേശവമേനോൻ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറാണ് അധ്യക്ഷൻ. കലിക്കറ്റ് ചേമ്പർ ഓഫ് കോമേഴ്സ്, മാതൃഭൂമി എന്നിവയാണ് മറ്റ് രണ്ട് പരിപാടികളുടെ സംഘാടകർ. തിങ്കളാഴ്ചയും തരൂർ കോഴിക്കോട്ട് വിവിധ പരിപാടികളിൽ പങ്കെടുക്കും.
സംഭവത്തിൽ നേതൃത്വത്തോട് എതിർപ്പുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ രംഗത്തെത്തി. ഈ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് ശബരീനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തരൂരിനാണോ നാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യമെന്നും ശബരി ചോദിച്ചു.
ശബരിനാഥന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
“സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് . മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു.
ഭാരത് ജോടോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയുടെ മണ്ണിൽ സവർക്കർക്കെതിരെ ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടി ? സമാനമായ ആശയമല്ലേ ഈ വേദിയിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് MPയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്…അത് കോൺഗ്രസിന് നൽകുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.
പിന്നെ ഒരു കാര്യം കൂടി , അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.