മംഗലപുരം (തിരുവനന്തപുരം) > കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ബിജെപി അനുകൂല നിലപാടിലും മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കഠിനംകുളത്തും മംഗലപുരത്തും പ്രവർത്തകർ പ്രതിഷേധിക്കുകയും കോൺഗ്രസിൽനിന്ന് രാജിവയ്ക്കുകയും ചെയ്തു.
കഠിനംകുളം അണക്കപ്പിള്ള പാലത്തിനുസമീപം ഐഎൻടിയുസി സ്ഥാപിച്ചിരുന്ന കെ സുധാകരന്റെ കട്ടൗട്ട് ഫ്ലെക്സ് ബോർഡും മറ്റും അണക്കപ്പിള്ള കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഷജീറിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ കഴിഞ്ഞ ദിവസം വലിച്ചുകീറി.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. എം ലത്തീഫിനെ പുറത്താക്കാനിരിക്കെ നടപടി വരുമെന്ന് മനസ്സിലാക്കിയാണ് പ്രവർത്തകർ കട്ടൗട്ടും ഫ്ലക്സ് ബോർഡുകളും തകർത്തത്. ലത്തീഫിനെതിരെ തിങ്കളാഴ്ചയോടെ നടപടി സ്വീകരിക്കാനായിരുന്നു കെപിസിസി തീരുമാനം. എന്നാൽ, കട്ടൗട്ട് നശിപ്പിച്ച സംഭവംകൂടിയായപ്പോൾ ശനിയാഴ്ചതന്നെ ലത്തീഫിനെതിരെ നേതൃത്വം നടപടി സ്വീകരിച്ചു.
ലത്തീഫിനെതിരെയുള്ള കോൺഗ്രസ് നേതൃത്ത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് മംഗലപുരം പഞ്ചായത്തിലെ രണ്ട് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ രാജിവച്ചു. മുരുക്കുംപുഴ വാർഡ് അംഗമായ ശ്രീചന്ദ്, മംഗലപുരം വാർഡ് അംഗമായ അജയരാജ് എന്നിവരാണ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ചത്. രാജിവച്ച ഇരുവരും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരും യൂത്ത് കോൺഗ്രസ് മംഗലപുരം ബ്ലോക്ക് നേതാക്കളുമാണ്.
മംഗലപുരത്ത് കഴിഞ്ഞയാഴ്ച കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് വാക്കേറ്റവും അടിയും നടന്നിരുന്നു. ശനി വൈകിട്ടോടെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ കഠിനംകുളം പള്ളിനടയിലും മംഗലപുരത്തും കെ സുധാകരന്റെ കോലം കത്തിക്കുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.