ന്യൂഡൽഹി > കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് ഇഡി കസ്റ്റഡിയിലുള്ള ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിന് തീഹാർ ജയിലിൽ വിഐപി പരിഗണനയെന്നാരോപിച്ച് ബിജെപി രംഗത്ത്. ജയിന് ശരീരമാസകലം മസാജ് ചെയ്ത് നൽകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം അഴിച്ചുവിട്ടത്.
എന്നാൽ നട്ടെല്ല് ശസ്ത്രക്രീയ ഒന്നിലധികം തവണ ചെയ്യേണ്ടി വന്ന മന്ത്രിക്ക് ഡോക്ടർമാർ നിർദേശിച്ച ചികിത്സ മാത്രമേ നൽകിയിട്ടുള്ളുവെന്ന് തിരിച്ചടിച്ച് എഎപിയും ജയിന് കവചമൊരുക്കി. സെപ്റ്റംബർ പതിമൂന്നിലെ വീഡിയോ ആണ് പുറത്തുവന്നത്. ദിവസങ്ങൾക്ക് മുമ്പും സാമാന ആരോപണമുന്നയിച്ച ബിജെപി മന്ത്രിയെ തീഹാറിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എഎപി തിരുമ്മ്–-മസാജ് പാർട്ടിയാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. ജയിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കെജ്രിവാൾ എവിടെപ്പോയി ഒളിച്ചുവെന്നും ഭാട്ടിയ പരിഹസിച്ചു.
നട്ടെല്ലിന് കാര്യമായ ക്ഷതമുള്ള മനുഷ്യനെക്കുറിച്ച് ബിജെപിക്ക് മാത്രമേ ഇത്ര ക്രൂരമായ തമാശ പറയാനാകൂവെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തിരിച്ചടിച്ചു. ഗുജറാത്തിലും ഡൽഹി കോർപറേഷനിലും പരാജയം മണത്ത ബിജെപി തറ നമ്പരുകളുമായി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിക്ക് സമാനമായി ഇഡിയും ജയിന് വിഐപി പരിഗണനയാണെന്ന് ആരോപിച്ചിരുന്നു. ജയിലിലെ കർഫ്യൂ സമയത്തും മന്ത്രിക്ക് മസാജ് വരെ ലഭിക്കുന്നുവെന്നായിരുന്നു ആരോപണം.പിന്നാലെ ജയിൽ സുപ്രണ്ടിനെ സസ്പെൻഡും ചെയ്തിരുന്നു.