ന്യൂഡൽഹി
എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പിന്മാറി. ഇതോടെ, ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇഡി ഡയറക്ടർ സ്ഥാനത്ത് സഞ്ജയ്കുമാർ മിശ്രയുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.
കോടതിയെ മറികടന്നു
കോമൺ കോസ് എന്ന സംഘടന നൽകിയ ഹർജിയിൽ ഇഡി ഡയറക്ടറുടെ കാലാവധി നീട്ടരുതെന്ന് 2021 സെപ്തംബർ എട്ടിന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ ഉത്തരവ് മറികടക്കാൻ കേന്ദ്ര സർക്കാർ സെൻട്രൽ വിജിലൻസ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസിറക്കി. തുടർന്ന്, സഞ്ജയ്കുമാർ മിശ്രയുടെ കാലാവധി 2021 നവംബർ 17 മുതൽ ഒരു വർഷത്തേക്കുകൂടി നീട്ടി.
ഓർഡിനൻസ് 2021 ഡിസംബറിൽ നിയമമാക്കി. എസ് കെ മിശ്രയുടെ കാലാവധി നീട്ടുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടി ‘കോമൺകോസ്’ സുപ്രീംകോടതിയിൽ കോടതി അലക്ഷ്യഹർജി സമർപ്പിച്ചിട്ടുണ്ട്. കാലാവധി നീട്ടരുതെന്ന കോടതിയുടെ മുൻ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരും ഹർജി നൽകി. ഇഡിയെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഇഡി ഡയറക്ടറുടെ കാലാവധി കേന്ദ്ര സർക്കാർ വീണ്ടും നീട്ടിനൽകിയത്.