തിരുവനന്തപുരം
കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) റീജണൽ കേന്ദ്രത്തിന്റെ സൂപ്രണ്ട്, ഐടി കൺട്രോളർ തുടങ്ങിയവരെ പിരിച്ചുവിടാൻ തീരുമാനം. ശുചീകരണത്തൊഴിലാളികളെ രണ്ടുദിവസംമുമ്പ് പിരിച്ചുവിട്ടെങ്കിലും വ്യാഴാഴ്ച തിരിച്ചെടുത്തു. പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ തുടരാനാണ് നിർദേശം. കേരളത്തിനു പുറമെ രാജ്യത്തെ 10 റീജണൽ സെന്ററും ഡിസംബർ 31ന് പൂട്ടും. റീജണൽ ഓഫീസർമാരോട് 15ന് ഡൽഹിയിലെ പ്രധാന ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
എൻജിനിയറിങ്, മാനേജ്മെന്റ്, ആർക്കിടെക്ചർ, എംസിഎ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നത് ജനുവരിയിൽ തുടങ്ങാനിരിക്കെയാണ് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ നടപടി. ഇതിന് പകരം സംവിധാനവും ഒരുക്കിയിട്ടില്ല. വിദ്യാഭ്യാസവകുപ്പിലെ 13 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതും റിപ്പോർട്ട് തയ്യാറാക്കുന്നതും. പ്രവർത്തനം കൃത്യമായി പഠിക്കാതെയുള്ള അശാസ്ത്രീയ തീരുമാനമാണ് ഇതെന്ന് ജീവനക്കാർ പറഞ്ഞു. എഐസിടിഇയിലെ ഉദ്യോഗസ്ഥർ ഭൂരിഭാഗവും താൽക്കാലിക നിയമനങ്ങളായതിനാൽ ഇവർക്ക് നിയമനടപടികളിലേക്ക് നീങ്ങാനുമാകില്ല. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന അപേക്ഷയിൽ, മേഖലയിലെ പ്രഗത്ഭരായ മൂന്നംഗ സമിതിയാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. വിവരങ്ങൾ അവിടെനിന്നുതന്നെ കേന്ദ്രത്തിലേക്ക് കൈമാറും. തുടർനടപടികളും ഇതേ വേഗത്തിൽ നടക്കും. എന്നാൽ, ഡൽഹിയിൽ മാത്രമായി എഐസിടിഇയുടെ പ്രവർത്തനം ചുരുങ്ങുന്നതോടെ സേവനങ്ങൾ വൈകും.
പൂട്ടാൻ അത്യുത്സാഹം !
തുറക്കാൻ ‘നഹി ’
കേരളത്തിനെതിരായ പകവീട്ടലിൽ ഒരു ചുവടുകൂടി മുന്നിൽനടന്ന് കേന്ദ്രം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ നിലവാരനിർണയമടക്കം നടത്തി സഹായമായിനിന്ന എഐസിടിഇ പൂട്ടിയാണ് കേന്ദ്രത്തിന്റെ പുതിയ ചുവടുവയ്പ്. സംസ്ഥാനത്തോട് ആലോചിക്കാതെ ഉത്തരവിലൂടെയാണ് എഐസിടിഇ നിർത്തിയത്. പതിറ്റാണ്ടായി ആവശ്യപ്പെടുന്നവയ്ക്ക് അനുമതിയില്ലെന്ന് മാത്രമല്ല, കേരളം ചെയ്യാമെന്നേറ്റ പദ്ധതികളും അനുവദിക്കുന്നില്ല.
വായ്പയെടുത്ത് ക്ഷേമം വേണ്ടെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അടുത്തിടെ പറഞ്ഞിരുന്നു. സാമൂഹ്യക്ഷേമ ചെലവുകൾക്ക് പ്രാധാന്യം നൽകുന്ന വികസന നയമാണ് കേരളത്തിന്റേത് എന്നറിഞ്ഞാണിത്. ‘കിഫ്ബി’ അടക്കമുള്ള സ്വതന്ത്രസംവിധാനങ്ങളിലൂടെ നടക്കുന്ന വികസനങ്ങളെ വൈരാഗ്യബുദ്ധിയോടെ കണ്ടാണ് കേന്ദ്രത്തിന്റെ പല തീരുമാനങ്ങളും. സിഎജി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് വകുപ്പുകളെ ഇറക്കിവിട്ടാണ് കിഫ്ബിയെ വേട്ടയാടുന്നത്. വായ്പാ പരിധി കുറച്ചതും ജിഎസ്ടി വിഹിതം നൽകാത്തതും കാലങ്ങളായി ചർച്ചയാണ്. ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തിനപ്പുറം വായ്പയെടുക്കുന്നതും വിലക്കി. ട്രഷറി സേവിങ്സ് ബാങ്കിനെതിരെയും വാളെടുക്കുന്നു. എന്നാൽ, കേന്ദ്രം ദേശീയപാത അതോറിറ്റിപോലുള്ള ഏജൻസികൾവഴി ഭീമമായ വായ്പയെടുത്ത് ബജറ്റിൽ പെടുത്താതെ പദ്ധതികൾ നടപ്പാക്കുന്നു. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടും സർക്കാരിനെ പരിഗണിച്ചില്ല. സംസ്ഥാനത്തോട് ആലോചിക്കാതെ ബിപിസിഎൽ വിൽപ്പനയ്ക്ക് വച്ചു.
സിൽവർ ലൈനിന് തുരങ്കം വയ്ക്കാൻ മുൻകൈയെടുത്ത മലയാളി കേന്ദ്രസഹമന്ത്രി തിരുവനന്തപുരത്ത് ക്യാമ്പ്ചെയ്ത് അട്ടക്കുളങ്ങര ഫ്ലൈ ഓവറിന് പാര പണിയുന്നു. പ്രളയകാലത്ത് അർഹമായ സഹായംപോലുമുണ്ടായില്ല, യുഎഇ അടക്കം വാഗ്ദാനംചെയ്ത 700 കോടി തടഞ്ഞു. 1982ൽ കേരളത്തിന് ലഭിച്ച വാഗ്ദാനമായ പാലക്കാട്ടെ കോച്ച് ഫാക്ടറി സ്വപ്നം മാത്രമായി. കേരളം സ്ഥലമെടുത്ത് നൽകിയിട്ടും പരിഗണിച്ചില്ല.
എയിംസ്, നേമം–- കൊച്ചുവേളി ടെർമിനലുകൾ, പുതിയ പാതകളും വണ്ടികളും, റെയിൽ മെഡിക്കൽ കോളേജ്, കോഴിക്കോട്, കണ്ണൂർ വിമാനത്താവള വികസനം, സിറ്റി ഗ്യാസ് പദ്ധതി വ്യാപനം, കാലാവസ്ഥാ പ്രവചനത്തിന് വയനാട് അതിർത്തിയിൽ ‘ഡോപ്ലർ റഡാർ ’ തുടങ്ങി നിവേദനം നൽകി കാത്തിരിക്കുന്ന പദ്ധതികൾ ഏറെ. അപ്പോഴാണ് നിലവിലുള്ളവ പൂട്ടിയുള്ള പകവീട്ടൽ.