ന്യൂഡൽഹി> ഡല്‍ഹി- പ്രഗതി മൈതാനിയില്‍ നടക്കുന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയില്‍ 6000 ചതുരശ്ര അടിയില്‍ ഒരുക്കിയ കേരള പവലിയന് ശ്രദ്ധ നേടുന്നു. മേളയുടെ ഇത്തവണത്തെ ആശയമായ വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ടു ഗ്ലോബല്‍ എന്നതിനെ അന്വര്‍ത്ഥമാക്കുന്ന പവലിയനാണ് കേരളം ഒരുക്കിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇതിന്റെ സംഘാടനം നിര്‍വഹിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിനൊപ്പം കേരളവും ഇത്തവണ ഫോക്കസ് സംസ്ഥാനമാണ്. പ്രഗതി മൈതാനത്തെ അഞ്ചാം നമ്പര്‍ ഹാളിന്റെ ഒന്നാം നിലയിലാണ് കേരള പവലിയന്.
കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളുമായി തിരകള്‍ മുറിച്ചു നീങ്ങുന്ന കൂറ്റന്‍ ഉരുവാണ് പ്രവേശന കവാടത്തിലെ മുഖ്യ ആകര്‍ഷണം. ഇതിനു താഴെയായി തൂണുകളില്‍ കേരളത്തിന്റെ ഏലം, കുരുമുളക് എന്നിവ ഒരുക്കിയിരിക്കുന്നു. പണ്ടുകാലം മുതല്ക്കേ വിദേശ രാജ്യങ്ങളുമായുള്ള കേരളത്തിന്റെ വ്യാപാര ബന്ധത്തെയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇന്നും അന്തര്‍ദ്ദേശീയ തലത്തില്‍ കേരളം എന്ന ബ്രാന്‍ഡിനുള്ള പ്രാധാന്യം വിളിച്ചോതുന്ന തരത്തിലാണ് പവലിയന് സജ്ജീകരിച്ചിരിക്കുന്നത്. ഭൗമ സൂചികയിലുള്ള കേരളത്തിന്റെ ഉത്പന്നങ്ങളുടെ വിശദാംശം പവലിയനില്‍ ലഭ്യമാണ്.
കേരളത്തിന്റെ തനതു വാസ്തുശില്പ മാതൃകയിലാണ് പവലിയന് രൂപകല്പന ചെയ്തിരിക്കുന്നത്. തീം സ്റ്റാളുകളും, കൊമേഷ്യല്‍ സ്റ്റാളുകളും പ്രത്യേകമായി തിരിച്ചിട്ടുണ്ട്. അകത്തെ സ്റ്റാളുകള്‍ക്കു പുറമെ പുറത്തെ ഇടനാഴികളിലായി കോഴിക്കോട് മിഠായി തെരുവിന്റെ മാതൃകയിലും സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നു.
പ്രവേശന കവാടം കടന്നാലുടന്‍ കാണുക വിവിധ കലാകരന്മാരുടെ കരവിരുതാണ്. ഇതിനായി ഒരുക്കിയ പടിപ്പുരയില്‍ ആറന്മുള കണ്ണാടി, ഉരുവിന്റെ ചെറിയ മാതൃകകള്‍, ചുവര്‍ചിത്രകല, ചെറിയ കഥകളി രൂപങ്ങള്‍, പാവക്കൂത്ത് കോലങ്ങള്‍, കളിമണ്‍ പ്രതിമകള്‍, ചെണ്ട, ഇടയ്ക്ക എന്നിവയുടെ ചെറു രൂപങ്ങള്‍, പായ നെയ്ത്ത് എന്നിവയുടെ നിര്‍മാണം നേരിട്ട് കാണാം. ഇതിനു ചുറ്റിലുമായാണ് തീം സ്റ്റാളുകള്‍. ടൂറിസം, കൃഷി, സഹകരണം, കയര്‍, തദ്ദേശ സ്വയംഭരണം, ഫിഷറീസ്, വനം, കുടുംബശ്രീ, ഹാന്‍ഡ്ലൂം തുടങ്ങിയ സ്റ്റാളുകള്‍ ഇവിടെയാണ്.
കേരഫെഡ്, പട്ടികവര്‍ഗ വികസനം, ഔഷധി, ഹാന്‍വീവ്, ഹാന്‍ഡ്ലൂം വിവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി, മാര്‍ക്കറ്റ് ഫെഡ്, സഹകരണ വകുപ്പ്, ഗ്രാമവികസന വകുപ്പ്, കൈരളി എന്നിവയുടെ വില്പന സ്റ്റാളുകളാണ് പവലിയനിനകത്തുള്ളത്. സംസ്ഥാന ബാംബൂ മിഷന്, ആര്‍ട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ്, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, സംസ്ഥാന കയര്‍ കോര്പറേഷന്, തദ്ദേശ സ്വയംഭരണ വകുപ്പ്, വ്യവസായ വകുപ്പ്, സാഫ്, മത്സ്യഫെഡ്, കെ.എസ്. സി. എ. ഡി. സി, കുടുംബശ്രീ, സാംസ്കാരിക വകുപ്പ് എന്നിവയുടെ വില്പനശാലകള് പവലിയന് ചുറ്റിലുമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വ്യത്യസ്ത കേരള രുചികളുമായി കുടുംബശ്രീ, സാഫ് എന്നിവരുടെ ഫുഡ് കോര്‍ട്ടുകളും മേളയിലുണ്ട്.