തിരുവനന്തപുരം
കാലതാമസമില്ലാതെ പിഎസ്സി നിയമനം നടത്താനും റാങ്ക് പട്ടികയിൽ ഉള്ളവർക്കെല്ലാം പരമാവധി നിയമനം നൽകാനും കർശന നടപടിയുമായി സർക്കാർ. പട്ടിക നിലവിലുള്ള തസ്തികകളിൽ താൽക്കാലിക നിയമനം പാടില്ലെന്നും വിവിധ വകുപ്പുകൾ ഒഴിവ് കൃത്യമായി അറിയിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലറിൽ അറിയിച്ചു.
അടുത്തവർഷം ഡിസംബർവരെയുള്ള പ്രതീക്ഷിത ഒഴിവുകൾ ഈ 30നു മുമ്പ് വകുപ്പുമേധാവികൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യണം. ഒഴിവില്ലെങ്കിൽ അക്കാര്യവും വ്യക്തമാക്കണം. റിപ്പോർട്ട് ചെയ്ത ഒഴിവുകൾ പിന്നീട് റദ്ദാക്കില്ല. ഒഴിവുകളിൽ റാങ്ക് പട്ടികയിൽ ഉള്ളവരെത്തന്നെ നിയമിക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വിരമിക്കൽ, ഉദ്യോഗക്കയറ്റം, തസ്തിക സൃഷ്ടിക്കൽ, അന്യത്രസേവനം തുടങ്ങിയ ഒഴിവുകൾ എല്ലാവർഷവും ജൂൺ 30നു മുമ്പ് ഇ–– വേക്കൻസി സോഫ്ട്വെയറിലൂടെ അറിയിക്കണം.
എൽഡിഎഫ് സർക്കാർ അധികാരത്തിലേറി ആറു വർഷത്തിനിടെ പിഎസ്സി വഴി 1,85,000 പേരെ നിയമിച്ചു. എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള തസ്തികകളിലായി നവംബർ, ഡിസംബർ മാസങ്ങളിൽ മൂവായിരത്തോളംപേർക്ക് നിയമനം നൽകും.
മറ്റ് നിർദേശങ്ങൾ
● ഒരിക്കൽ റിപ്പോർട്ട് ചെയ്ത ഒഴിവ് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയിലൂടെ നികത്തരുത്
● ആറു മാസമോ അതിലധികമോയുള്ള അവധി–-അന്യത്രസേവന ഒഴിവുകൾ പ്രതീക്ഷിത ഒഴിവായി കണക്കാക്കി അറിയിക്കണം
● ജോലിയിൽ പ്രവേശിക്കാത്തത് കാരണമുണ്ടാകുന്ന ഒഴിവുകൾ ഉടൻ അറിയിക്കണം