കൊച്ചി
തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ കുറ്റാരോപിതനായ ഇൻസ്പെക്ടർ പി ആർ സുനുവിനെ ചോദ്യം ചെയ്യുന്നത് ചൊവ്വാഴ്ചയും തുടർന്നു. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസിപി പി വി ബേബിയുടെ മുന്നിൽ ചൊവ്വ രാവിലെ സുനു ചോദ്യം ചെയ്യലിന് ഹാജരായി. ഇതിന് സുനുവിന് പൊലീസ് തിങ്കളാഴ്ച നോട്ടീസ് നൽകിയിരുന്നു. രാവിലെ 10ന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ടുവരെ നീണ്ടു. തുടർന്ന് വിട്ടയച്ച സുനുവിനോട് ബുധൻ രാവിലെ 10ന് തൃക്കാക്കര എസിപിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സുനുവിന്റെ അറസ്റ്റിന് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു. സുനുവിനെതിരെ മറ്റ് രണ്ട് കേസുകൾകൂടി ഉണ്ട്. ഒരു കേസിന്റെ വിചാരണ തുടരുകയാണ്. ഈ കേസിൽ നടപടിയിലേക്ക് കടന്നിട്ടില്ലെന്നും ഡിസിപി പറഞ്ഞു.
യുവതിയെ മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയിലെ പൊരുത്തക്കേട് പൊലീസ് പരിശോധിച്ചുവരികയാണ്. തിങ്കൾ വൈകിട്ട് അഞ്ചു ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യാവലിയുമായി അന്വേഷകസംഘം പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വൈരുധ്യം കണ്ടെത്തിയത്.
കേസിൽ 10 പ്രതികളുണ്ട്. അഞ്ചുപേരെ നേരിട്ടറിയാമെന്നും അഞ്ചുപേരെ കണ്ടാലറിയാമെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. സുനു ഉൾപ്പെടെ മൂന്നുപേരെ ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സുനു ഉൾപ്പെടെ കണ്ടാലറിയുന്ന ആറുപേർ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു ഇരുപത്തിരണ്ടുകാരി കമീഷണർക്ക് പരാതി നൽകിയത്. പ്രതികൾക്ക് വീട്ടുവേലക്കാരി ഒത്താശയും സഹായവും നൽകിയതായും പരാതിയിലുണ്ട്.
ഗൂഢാലോചനയുണ്ടെന്ന
സുനുവിന്റെ വാദം
പരിശോധിച്ചു: കമീഷണര്
തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ഇൻസ്പെക്ടർ സുനുവിന്റെ വാദങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണെന്ന് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
സുനുവും കൂട്ടബലാത്സംഗക്കേസ് പ്രതി രാജീവുമായി പരാതിക്കാരിയുടെ ഭർത്താവിന് പരിചയമുണ്ട്. എന്നാൽ, സുനുവിനും രാജീവിനും പരസ്പരം അറിയില്ല. സുനുവിന്റെയും രാജീവിന്റെയും ഫോട്ടോ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടില്ലെന്നും കമീഷണർ പറഞ്ഞു. തനിക്ക് പരാതിക്കാരിയുടെ ഭർത്താവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് രാജീവ് ചോദ്യംചെയ്യലിൽ പറഞ്ഞു.
തൃക്കാക്കര എസിപി പി വി ബേബിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിലാണ് രാജീവ് ഇക്കാര്യം പറഞ്ഞത്. പരാതിക്കാരിയുടെ ഭർത്താവ് ജയിൽ മോചിതനായശേഷം തങ്ങളോട് പണം ആവശ്യപ്പെട്ടതായി സുനുവും രാജീവും മൊഴി നൽകി.