ന്യൂഡൽഹി
മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരുടെ പ്രസംഗങ്ങൾക്കും പ്രസ്താവനകൾക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധി പറയാൻ മാറ്റി. ജസ്റ്റിസ് എസ് അബ്ദുൾനസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മറ്റുള്ളവരെ മുറിപ്പെടുത്തുന്ന പരാമർശം പൊതുപദവിയിലുള്ള നേതാക്കളില്‍ നിന്നുണ്ടാകുന്നു.ആർക്കും എന്ത് വേണമെങ്കിലും പറഞ്ഞ് നിസ്സാരമായി ഒഴിവാകാമെന്ന സാഹചര്യം നല്ലതല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ജനപ്രതിനിധികളുടെ പ്രസ്താവനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ അത് പാർലമെന്റിന്റെയും നിയമസഭകളുടെയും അധികാരത്തിലുള്ള കടന്നുകയറ്റമാകുമോയെന്ന സംശയവും കോടതി ഉന്നയിച്ചു. തെഹ്സീൻ പുണാവാല, അമിഷ് ദേവ്ഗൺ കേസുകളിൽ വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ സുപ്രീംകോടതി വിശദമായ മാർഗരേഖ പുറപ്പെടുവിച്ചതിനാൽ ജനപ്രതിനിധികൾക്ക് പ്രത്യേകം മാർഗരേഖ വേണ്ടെന്ന് അറ്റോർണിജനറലും സോളിസിറ്റർജനറലും പറഞ്ഞു. 2014നു ശേഷം വിദ്വേഷപ്രസംഗങ്ങളില്‍ 450 ശതമാനം വർധനയുണ്ടായെന്ന് ഹർജിക്കാർക്കുവേണ്ടി അഡ്വ. കാളീശ്വരംരാജ് ചൂണ്ടിക്കാട്ടി. സമാജ്വാദി പാർടി നേതാവ് അസംഖാൻ ബുലന്ദ്ശഹർ കൂട്ടബലാത്സംഗക്കേസിലെ ഇരയെ അപകീർത്തിപ്പെടുത്തിയതിന് എതിരായ ഹർജിയാണ് കേസിന് തുടക്കമിട്ടത്. പിന്നീട്, പല സംസ്ഥാനങ്ങളിൽ പല നേതാക്കൾ നടത്തിയ പ്രസംഗങ്ങൾക്ക് എതിരായ പരാതികൾ ഒന്നിച്ച് ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.2014നു ശേഷം വിദ്വേഷപ്രസംഗങ്ങളില്‍ 450 ശതമാനം വർധനയുണ്ടായി