കൊച്ചി
ചുരുങ്ങിയ ചെലവിൽ ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയുന്നവർ ലോകത്തിന്റെ നേതൃത്വം വഹിക്കുമെന്നും കേരളം ഊർജ ഉൽപ്പാദനത്തിൽ പുതുവഴികൾ തേടണമെന്നും വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. കൊച്ചി ബോൾഗാട്ടി പാലസിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സുസ്ഥിര ഭാവിക്ക് ഗ്രീൻ ഹൈഡ്രജൻ’ ത്രിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ ചെലവിൽ ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞാൽ കേരളത്തിന് വികസനത്തിൽ ഇനിയും ഏറെ മുന്നേറാനാകും. കേരളത്തിന്റെ തീരദേശത്ത് ലഭ്യമാകുന്ന കരിമണലിൽനിന്ന് ലഭിക്കുന്ന തോറിയം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും, ഇതേക്കുറിച്ച് ഈ മേഖലയിലെ വിദഗ്ധർ ഗൗരവമായി ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പുനരുപയോഗ ഊർജവും ഹൈഡ്രജനും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യബോട്ടായ എനർജി ഒബ്സർവർ കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്നതിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. മന്ത്രി കെ കൃഷ്ണൻകുട്ടി ബോട്ട് സന്ദർശിച്ചു. കെ ജെ മാക്സി എംഎൽഎയും ഒപ്പമുണ്ടായി.
ഗ്രീൻ ഹൈഡ്രജൻ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും. ഹൈഡ്രജന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായികൾ, അക്കാദമിക് വിദഗ്ധർ, സ്ഥാപനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ഫ്രഞ്ച് കോൺസൽ ജനറൽ ലിസി താൽ ബോട്ട് ബാരെ, എനർജി ഒബ്സർവർ ക്യാപ്റ്റൻ വിക്ടോറിയൻ എറുസാഡ്, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ, രജിസ്ട്രാർ ബി വി സുഭാഷ് ബാബു തുടങ്ങിയവർ ചൊവ്വാഴ്ച സംസാരിച്ചു.