തിരുവനന്തപുരം
വ്യാജക്കത്തിന്റെ പേരിൽ ‘നിയമനവിവാദ’ത്തിന് ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കൾ അധികാരത്തിലിരുന്നപ്പോൾ സ്വന്തക്കാരെ വിവിധ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. വീട്ടിൽ തോട്ടക്കാരനായി ജോലി ചെയ്തയാൾക്ക് എസ്എടി ആശുപത്രിയിൽ നിയമനംനൽകാൻ ശുപാർശ ചെയ്ത് വി എസ് ശിവകുമാർ എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. എംപി ആയിരിക്കെയാണ് ശിവകുമാർ ആശുപത്രി അധികൃതർക്ക് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ശിവകുമാർ ശുപാർശ ചെയ്തയാൾക്ക് ഹെൽപ്പർ തസ്തികയില്‍ ജോലിയും ലഭിച്ചു.
2003 ജൂണ്‍ പതിമൂന്നിനാണ് ശിവകുമാര്‍ ആശുപത്രി സൂപ്രണ്ടിന് കത്ത് എഴുതിയത്. “വിജയന്റെ കാര്യം ഇന്നലെ സംസാരിച്ചിരുന്നത് ഓര്‍ക്കുമല്ലോ. കഴിയുന്ന സഹായംചെയ്താല്‍ ഉപകാരം. വിശദമായി കാര്യം നേരില്‍ സംസാരിക്കും. ദിവസക്കൂലിയിൽ ജോലി നല്കി സഹായിക്കണ’മെന്ന് കത്തിൽ പറയുന്നു.
ശുപാർശയ്ക്ക് പിന്നാലെ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനാക്കിയാണ് വിജയന് എസ്എടിയിൽ നിയമനം നൽകിയത്. ഡോര്‍മെറ്ററിയിലും ഫാര്‍മസിയിലുമെല്ലാം ജോലി ചെയ്തശേഷം ഇയാൾ പിന്നീട് മറ്റൊരു ജോലിക്കായി പോയി. എംപിയും മന്ത്രിയും ആയിരിക്കെ ശിവകുമാര്‍ ഒട്ടനവധി അനധികൃത നിയമനങ്ങള്‍ നടത്തിയതായി ജീവനക്കാര്‍ പറയുന്നു. എംഎല്‍എമാരായിരുന്ന കെ മോഹന്‍കുമാര്‍, എം എ വാഹിദ് എന്നിവരും പാര്ടിക്കാര്ക്കുവേണ്ടി നിരന്തരം ശുപാര്‍ശക്കത്തുകള്‍ നല്‍കിയതായും ആക്ഷേപമുണ്ട്.
വ്യാജക്കത്തിന്റെ മറപിടിച്ച് കോർപറേഷനിൽ അഴിമതിക്കഥ മെനഞ്ഞ് വിജിലൻസിനെയും ഹൈക്കോടതിയെയും സമീപിച്ച ജി എസ് ശ്രീകുമാറും കൗണ്‍സിലറായിരിക്കെ ഭാര്യക്ക് മെഡിക്കല്‍ കോളേജിലെ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ജോലി സംഘടിപ്പിച്ചെന്ന് ജീവനക്കാർ പറയുന്നു. കൗൺസിലറായിരിക്കെയായിരുന്നു ശ്രീകുമാറിന്റെ വിവാഹം.
വിവാഹ സമ്മാനമായാണ് ഭാര്യക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ മെഡിക്കൽ കോളേജിൽ ജോലി സംഘടിപ്പിച്ചത്.