വാഷിങ്ടൺ
ഒറ്റ രാത്രികൊണ്ട് ശതകോടീശ്വര പദവി നഷ്ടമായി ക്രിപ്റ്റോ എക്സ്ചേഞ്ച് എഫ്ടിഎക്സിന്റെ സിഇഒ സാം ബാങ്ക്മാന്- ഫ്രൈഡ്. 16 ബില്യൺ ഡോളറിന്റെ (ഏകദേശം 1.28 ലക്ഷം കോടി രൂപ ) ആസ്തിയുള്ള ക്രിപ്റ്റോ സാമ്രാജ്യമാണ് കൂപ്പുകുത്തിയത്. ആസ്തി 94 ശതമാനം ഇടിഞ്ഞ് 8000 കോടിയിലെത്തി. ക്രിപ്റ്റോ ലോകം കണ്ട ഏറ്റവും വലിയ ബാധ്യതയാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ‘ദുരന്തം’ ഏറ്റുവാങ്ങിയ സാം ബാങ്ക്മാന്- സിഇഒ പദവി രാജിവച്ച്, പാപ്പർ ഹർജി ഫയല്ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിങ്കൾ രാത്രി നിക്ഷേപ –- മൂലധന ഭീമൻമാരോട് എഫ്ടിഎക്സ് സഹായം അഭ്യർഥിച്ചിരുന്നു. എതിരാളികളായ ബിനാന്സ് എഫ്ടിഎക്സിനെ ഏറ്റെടുക്കുന്നെന്ന് പ്രഖ്യാപിച്ചശേഷം പിൻമാറി. ഈ ഘട്ടത്തിലാണ് സാമിന്റെ ആസ്തിയിൽ വൻ ഇടിവുണ്ടായത്. നിക്ഷേപത്തിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണത്തിൽ യുഎസ് ഏജൻസികൾ എഫ്ടിഎക്സിനെതിരെ അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടുണ്ട്.
ഗുഗിളിലെ മുന് ജീവനക്കാരന് ഗ്യാരി വാംഗുമായി ചേര്ന്ന് 2019ല് ആണ് മുപ്പതുകാരനായ സാം എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് തുടങ്ങിയത്. ഒരു ഘട്ടത്തില് 26 ബില്യന് ഡോളര്വരെ ആസ്തി ഉയര്ന്നു. കമ്പനിക്ക് കീഴിലുള്ള ട്രേഡിംഗ് പ്ലാറ്റ്ഫോം അല്മേദ റിസര്ച്ച് തകര്ന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്ക്ക് പ്രധാന കാരണം. കമ്പനിയില് ഉപഭോക്താക്കള് നിക്ഷേപിച്ച പണം അല്മേദ ഓഹരിവിപണിയില് ഇടപെടാന് വകമാറ്റിയെന്നാണ് റിപ്പോര്ട്ട്. എഫ്ടിഎക്സ് 10 ബില്യണ് ഡോളറാളോം അല്മേദക്ക് നല്കിയതായി റിപ്പോര്ട്ട് പുറത്തുവന്നിരുന്നു. ഈ ആഴ്ച ആദ്യം 16 ബില്യന് ഡോളറായിരുന്നു എഫ്ടിഎക്സിന്റെ മൂല്യം. ഈ മാസം എട്ടിന് കമ്പനി മൂല്യം 72 ശതമാനംവരെ ഇടിഞ്ഞു. ഉപഭോക്താക്കൾ കൂട്ടത്തോടെ കറൻസി പിൻവലിച്ചതോടെ പതനം ആസന്നമായി.