കൊച്ചി > ഇക്വറ്റോറിയൽ ഗിനിയിൽ ജയിലിലും കപ്പലിലുമായി തടവിലായിരുന്ന കപ്പൽജീവനക്കാരായ ഇന്ത്യക്കാരെ എത്ര ദിവസത്തിനുള്ളിൽ തിരികെയെത്തിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാതെ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വയനാട് സ്വദേശിയും കൊച്ചിയിൽതാമസക്കാരനുമായ കപ്പലിലെ ചീഫ് ഓഫീസർ സനു ജോസിന്റെ കതൃക്കടവിലെ വീട് സന്ദർശിക്കവെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മന്ത്രിക്ക് ഉത്തരംമുട്ടിയത്.
അന്താരാഷ്ട്രനിയമങ്ങൾ പാലിച്ച് അവരെ പെട്ടെന്ന് തിരിച്ചെത്തിക്കുമെന്നും നിയമപരമായ കാര്യങ്ങളൊക്കെ ചെയ്യുമെന്നും ഒഴുക്കൻ മറുപടി നൽകി മന്ത്രി തടിതപ്പുകയായിരുന്നു. കപ്പൽ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. കപ്പൽ നൈജീരിയയിൽ എത്തുന്നത് മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് കപ്പൽ ജീവനക്കാരുടെ സന്ദേശം പുറത്തുവന്നിരുന്നു. കപ്പൽ ജീവനക്കാരെ എത്രയുംപെട്ടെന്ന് മോചിപ്പിക്കണമെന്ന് സനു ജോസിന്റെ ഭാര്യ മെറ്റിൽഡ ആവശ്യപ്പെട്ടു. അവർ ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ പോയതല്ലെന്നും അത്തരത്തിൽ വാർത്ത നൽകരുതെന്നും അവർ വ്യക്തമാക്കി.