കോഴിക്കോട് > പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൽപഠിക്കാനെത്തിയ പൃഥ്വിരാജിനെ ഓർമയില്ലേ. ‘ചോക്ലേറ്റി’ലെ കഥാനായകനെപ്പോലെയാണ് ശ്രീക്കുട്ടൻ. പ്രൊവിഡൻസ് വിമൻസ് കോളേജിന്റെ 70 വർഷ ചരിത്രം തിരുത്തി എഴുതിയ ആദ്യ പുരുഷ വിദ്യാർഥി. കൊല്ലം എസ്എൻ കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രീക്കുട്ടൻ കാലടി സംസ്കൃത സർവകലാശാല കൊല്ലം കേന്ദ്രത്തിൽ അധ്യാപകനായിരുന്നു.
അതിനിടെയാണ് കലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഗവേഷണത്തിന് അപേക്ഷിച്ചത്. സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗൈഡിനെ തേടിയുള്ള അന്വേഷണം അവസാനിച്ചത് പ്രൊവിഡൻസ് വിമൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ശാന്തി വിജയനിൽ. ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷക വിദ്യാർഥിയായി ചേർന്നു. വായനയും പഠനവുമായി മുഴുവൻ സമയ ഗവേഷണ പഠന പ്രവർത്തനങ്ങളിലാണ്.
‘ലൈബ്രറിയിലും പഠന വിഭാഗത്തിലുമാണ് പ്രധാനമായും സമയം ചെലവിടുന്നത്. കോളേജ് നല്ല കളർഫുൾ ആണ്. ഏക ആൺകുട്ടി എന്ന നിലയിൽ പലരും അതിശയത്തോടെയാണ് നോക്കുന്നത്. കോളേജ് ജീവിതം ആസ്വദിക്കുന്നു’’–- ശ്രീക്കുട്ടൻ കോളേജ് ജീവിതത്തിൽ ഹാപ്പിയാണ്. കൊല്ലം തുരുത്തികുളങ്ങര ശ്രീനിവാസൻ-മേരിക്കുട്ടി ദമ്പതികളുടെ മകനാണ്.