നെയ്യാറ്റിൻകര
നാരായണൻ നായരുടെ വീട്ടിൽ എന്തോ അത്യാഹിതം സംഭവിച്ചെന്ന വിവരമറിഞ്ഞ് ആദ്യം ഓടിയെത്തിയത് സമീപവാസിയായ അഡ്വ. ഡി വേലായുധൻ നായരായിരുന്നു. 2013 നവംബർ അഞ്ചിനു രാത്രി പത്തോടെ ആ വീട്ടിലേക്ക് ഓടിയെത്തുമ്പോൾ വേലായുധൻ നായർ കാണുന്നത് ചോരക്കളമായ ഹാളിൽ പിടയുന്ന മൂന്നു ജീവനാണ്. പിന്നാലെ ഓടിയെത്തിയ അയൽവാസികളുടെ നിലവിളികൾക്കിടയിലൂടെ നാരായണൻ നായരെ കോരിയെടുത്ത് കാറിലേക്ക് കയറ്റി. നെയ്യാറ്റിൻകര ആശുപത്രി ലക്ഷ്യമാക്കി കാർ കുതിച്ചു. കാഷ്വാലിറ്റിയിൽനിന്ന് ഇറങ്ങിവന്ന ഡോക്ടർമാർ പഞ്ഞു–- ഇറക്കണ്ട, എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തിക്കണം.
മക്കളെയും കൊണ്ടുവന്ന ആംബുലൻസിൽ നാരായണൻ നായരെ കയറ്റി മെഡിക്കൽ കോളേജിലേക്ക്. അപ്പോൾ നാരായണൻ നായർക്ക് സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നു. കൊടുവാൾകൊണ്ട് വെട്ടിപ്പിളർന്ന മുറിവുകളിലൂടെ രക്തം ചീറ്റിയൊഴുകുന്നു. ആരാണ് എന്നുചോദിച്ചപ്പോൾ അറിയാവുന്നവരുടെയെല്ലാം പേര് നാരായണൻ നായർ പഞ്ഞു. അപ്പോഴേ ഇത് ആർഎസ്എസ് ആക്രമണമെന്ന് ബോധ്യമായിരുന്നു. രക്തംവാർന്ന് അൽപ്പസമയത്തിനകം നാരായണൻ നായർ ബോധരഹിതനായി. മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരിച്ചു.
അന്ന് വേലായുധൻ നായർ സിപിഐ എം ആനാവൂർ ലോക്കൽ സെക്രട്ടറികൂടിയായിരുന്നു. യുഡിഎഫ് ഭരണമാണ്. ആർഎസ്എസിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന യുഡിഎഫ് ഭരണത്തിൽ കേസ് എന്താകുമെന്ന ഭീതി എല്ലാവർക്കുമുണ്ടായിരുന്നു. പക്ഷേ, കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ വേലായുധൻ നായർ ഓരോ നിമിഷവും ജാഗ്രത പാലിച്ചു.
ഇതിന്റെ പ്രത്യാഘാതം ചെറുതായിരുന്നില്ല. ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ നാലുപാടുനിന്നും സംഘപരിവാർ ആക്രമണം തുടരെ ഉണ്ടായി. വീടാക്രമിച്ച് കാർ കത്തിച്ചു. രണ്ട് ഏക്കറിലെ റബർ മുഴുവൻ വെട്ടിനശിപ്പിച്ചു. വേട്ടയാടൽ തുടർന്നുകൊണ്ടിരുന്നിട്ടും ഒരടി പിന്നോട്ടുവച്ചില്ല.
കേസിൽ 18–-ാം സാക്ഷിയായ വേലായുധൻ നായരെ വിസ്തരിക്കുമ്പോൾ പ്രതിഭാഗം അഭിഭാഷകർ ഇത് ഈ അഭിഭാഷകൻ രൂപപ്പെടുത്തിയ കേസാണെന്നുവരെ വാദിച്ചു. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. നെയ്യാറ്റിൻകര ബാർ അസോസിയേഷൻ പ്രസിഡന്റും ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമാണ്. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സഹോദരനാണ്.















