സാവോപോളോ
ബ്രസീലിന് ആറാംകിരീടത്തിന് ആശംസ നേർന്ന് ഫുട്ബോൾ ഇതിഹാസം പെലെ. ബ്രസീൽ ജേഴ്സിയിലുള്ള ചെറുപ്പകാല ചിത്രത്തിനൊപ്പമാണ് ഇൻസ്റ്റഗ്രാമിലെ കുറിപ്പ്. മൂന്ന് ലോകകപ്പ് നേടിയ (1958, 1962, 1970) ഏക കളിക്കാരനാണ് എൺപത്തിരണ്ടുകാരനായ പെലെ.
മൂന്ന് നക്ഷത്രങ്ങൾ പതിച്ച മഞ്ഞ ജേഴ്സിയാണ് ധരിച്ചിട്ടുള്ളത്. തുടർന്നുള്ള കുറിപ്പ് ഇങ്ങനെയാണ് ‘ ഇപ്പോൾ നമുക്ക് അഞ്ച് കിരീടങ്ങളുണ്ട്. ജേഴ്സിയിൽ ആറാമത്തെ നക്ഷത്രം പതിക്കാൻ ആഗ്രഹിക്കുന്നു. ഈ ടീമിന് എല്ലാ ആശംസയും നേരുന്നു’.
ആരോഗ്യപരമായ കാരണങ്ങളാൽ പെലെ ഇപ്പോൾ പൊതുവേദിയിൽ വരാറില്ല. വൻകുടലിന് അർബുദം ബാധിച്ച് സുഖപ്പെട്ടശേഷം വിശ്രമജീവിതം നയിക്കുകയാണ്.















