ന്യൂഡൽഹി> ഗുജറാത്തിൽ ബിജെപിയെ ഞെട്ടിച്ച് ആംആദ്മി പാർടിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. സിറ്റിങ് എംഎൽഎ കൽപേഷ് പർമാറും സൂറത്ത് മുൻപ്രസിഡന്റ് പി വി എസ് സർമയും വെള്ളിയാഴ്ച ബിജെപി വിട്ട് എഎപിയിൽ ചേർന്നു. പർമാറിനെ എഎപി സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇറ്റാലിയ സ്വാഗതം ചെയ്തു. സർമയെ എഎപിയുടെ ഗുജറാത്ത് ഇൻചാർജ് ആയ ഡോ. സന്ദീപ് പാഠക്ക് പാർടിയിലേക്ക് സ്വീകരിച്ചു. കോൺഗ്രസിൽ നിന്ന് എംഎൽഎമാർ അടക്കമുള്ള നേതാക്കൾ കൂറുമാറി എത്തുന്നതിൽ ആഹ്ലാദിച്ച ബിജെപിക്ക് എഎപിയിലേയ്ക്കുള്ള സ്വന്തം നേതാക്കളുടെ പോക്ക് തിരിച്ചടിയായി.
ബിജെപിയിൽ താൻ തുടർച്ചയായി അവഗണിക്കപ്പെടുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് സി ആർ പാട്ടീലിന് അയച്ച രാജിക്കത്തിൽ സർമ അറിയിച്ചു. പ്രതികാര മനോഭാവത്തോടെയാണ് നേതാക്കളുടെ പെരുമാറ്റം. പ്രവർത്തകരെ തഴയുകയാണ്–- കത്തിൽ അറിയിച്ചു. സൂറത്തിലെ മജുരയിൽ സർമ എഎപി സ്ഥാനാർത്ഥിയാകും. ഇവിടെ മന്ത്രി ഹർഷ് സംഘവിയാണ് ബിജെപി സ്ഥാനാർത്ഥി. സൂറത്ത് എഎപി പ്രതീക്ഷ വെയ്ക്കുന്ന നഗരമേഖലകളിലൊന്നാണ്. കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സൂറത്തിൽ ഇരുപതിലേറെ വാർഡുകൾ പിടിച്ചെടുത്ത് എഎപി ബിജെപിക്ക് ആഘാതം സൃഷ്ടിച്ചിരുന്നു.
ഖേഡാ ജില്ലയിലെ മാതർ മണ്ഡലത്തെയാണ് സോളങ്കി പ്രതിനിധീകരിക്കുന്നത്. 2014 ലും 2017 ലും ഇവിടെ ജയിച്ചു. എന്നാൽ സോളങ്കിയെ മാറ്റി കൽപേഷ് പർമാറിനെ ബിജെപി കഴിഞ്ഞ ദിവസം മാതറിൽ സ്ഥാനാർത്ഥിയാക്കി. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ നിന്നുള്ള രാജി. സോളങ്കിയുടെ വരവ് എഎപിക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ഇറ്റാലിയ പ്രതികരിച്ചു.