തിരുവനന്തപുരം
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസുകാരനാണെന്ന വെളിപ്പെടുത്തലോടെ വെട്ടിലായത് സർക്കാരിനെയും സ്വാമിയെയും ആക്ഷേപിച്ചവർ. നാലര വർഷമായിട്ടും പ്രതിയെ പിടിക്കാത്തത് ഒത്തുകളിയുടെ ഭാഗമാണെന്ന മാധ്യമങ്ങളുടെ ‘കണ്ടെത്ത’ലും ഇതോടെ പൊളിഞ്ഞു. കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ ആർഎസ്എസ് പ്രവർത്തകൻ പ്രകാശും കൂട്ടുകാരും ചേർന്നാണെന്ന പുതിയ വെളിപ്പെടുത്തലാണ് പുറത്തുവന്നത്.
എന്തെല്ലാം കഥകളായിരുന്നു ഇറക്കിയത്. ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിച്ചു, കത്തിച്ചത് ഇടത് അനുഭാവികളായതിനാൽ കേസ് മുക്കി, ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ സ്വാമി സ്വയം ആശ്രമം കത്തിച്ചു, സ്വാമിയുടെ അനധികൃത സമ്പാദ്യം അന്വേഷിച്ചാൽ സംഗതികൾ പുറത്തുവരും തുടങ്ങി ഒട്ടേറെ കഥകൾ. തെരഞ്ഞെടുപ്പുകളിലടക്കം ഇത്തരം കുപ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നു. നാലുവർഷം പിന്നിട്ടിട്ടും ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തതിൽ പൊലീസിനെതിരെയും ആക്ഷേപങ്ങൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് സംഭവത്തിന്റെ പിന്നാലെതന്നെയായിരുന്നു. കൃത്യമായ തെളിവുകൾ സഹിതം പ്രതികളെ കണ്ടെത്താനുമായിരുന്നു ശ്രമം. പൊലീസിന്റെ ശ്രമത്തിനൊടുവിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായതും. മുമ്പ് ആശ്രമത്തിലെത്തി പ്രശ്നങ്ങളുണ്ടാക്കിയ ആളാണ് പ്രതിയെന്നും വ്യക്തമായിട്ടുണ്ട്. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വച്ചിരുന്നു.
പ്രകാശ് മുമ്പും അതിക്രമം നടത്തി , നുണപ്രചാരണം പൊളിഞ്ഞതിൽ സന്തോഷം
തന്റെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട നുണപ്രചാരണം പൊളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. താനാണ് ആശ്രമം കത്തിച്ചതെന്ന രീതിയിൽ വ്യാപക പ്രചാരണം നടന്നിരുന്നു. ആക്രമണത്തിനു പിന്നിൽ ഒരാളല്ല, സംഘത്തിൽ മറ്റ് ചിലരുണ്ടാകും.
തീയിടുന്നതിന് ഒരു വർഷംമുമ്പ് ആർഎസ്എസ് പ്രവർത്തകൻ പ്രകാശ് ആശ്രമത്തിൽ കയറി അതിക്രമം നടത്തിയിരുന്നു. ആശ്രമത്തിൽ താമസിച്ചിരുന്ന 14 വയസ്സുകാരനായ ഒരു നേപ്പാളി ബാലൻ പുഴയിൽ കുളിച്ചുകൊണ്ടുനിന്ന ആരെയോ ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ചാണ് പ്രകാശിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പേർ ബാലനെ തല്ലാൻ ശ്രമിച്ചത്. എന്നാൽ, താൻ അവരെ തടഞ്ഞു. തുടർന്ന് ആ ബാലൻ നാട്ടിലേക്ക് പോയി. എന്നാൽ, ഈ സംഭവം കെട്ടിച്ചമച്ചതായിരുന്നു. വാഹനത്തിന് സൈഡ് തരാതിരിക്കുക, വാഹനം തടഞ്ഞ് നിർത്തുക, ആശ്രമത്തിലേക്ക് വരുന്നവരെ വഴിതിരിച്ച് വിടുക തുടങ്ങിയവ നടന്നു. സംഘപരിവാറാണ് ഇതിനു പിന്നിൽ. സത്യം വെളിപ്പെടുത്തിയ പ്രശാന്തിന് സുരക്ഷ ഒരുക്കണമെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.
സത്യം പ്രശാന്ത് പറയുന്നു…
‘ പ്രകാശ് മരിക്കുന്നതിന് കുറച്ചുദിവസം മുമ്പാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. അവൻ ആർഎസ്എസ് പ്രവർത്തകനായിരുന്നു.ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജഗതിയിൽനിന്ന് അവന്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞവർഷം അവസാനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതോടെ അവൻ ആകെ അസ്വസ്ഥനായി. താനും കുണ്ടമൺകടവിലെ ചേട്ടൻമാരും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് എന്നവൻ എന്നോടു പറഞ്ഞു. അവനെ കുറേ ശകാരിച്ചു. പക്ഷേ, അവൻ ആകെ ആശങ്കയിലായിരുന്നു. കുറച്ചുദിവസത്തിനു ശേഷമായിരുന്നു ആത്മഹത്യ. മരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ അവൻ വീട്ടിലില്ലായിരുന്നു. ഇടയ്ക്ക് വന്നാലും ഈ കുണ്ടമൺകടവിലെ കൂട്ടുകാരെത്തി വിളിച്ചുകൊണ്ടുപോകും. പ്രകാശിന്റെ മരണശേഷം തനിക്ക് വലിയ സമ്മർദമായിരുന്നു. കൂട്ടുപ്രതികളുടെ ജീവിതം തുലയ്ക്കരുത് സംഭവം പുറത്തറിഞ്ഞാൽ അവരുടെ വീട്ടിലെ സ്ത്രീകൾ വല്ല കടുംകൈയും ചെയ്യുമെന്നായിരുന്നു ഭീഷണി. എന്നാൽ, അനിയൻ മരിച്ചശേഷവും കൂട്ടുപ്രതികളൊക്കെ സന്തോഷത്തിലായിരുന്നു. അവന്റെ മരണശേഷം ഒരാളെയും ഇങ്ങോട്ട് കണ്ടിട്ടില്ല.’