കണ്ണൂർ
ആർഎസ്എസിനെ സഹായിച്ചെന്ന് വെളിപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അവരുടെ വോട്ടു വാങ്ങിയ കഥയും മുമ്പ് വെളിപ്പെടുത്തി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പരാജയപ്പെട്ടതിനെക്കുറിച്ച് ഓൺലൈൻ പോർട്ടൽ അഭിമുഖത്തിലാണ്, തുടർച്ചയായി ബിജെപി–-ആർഎസ്എസ് വോട്ടു വാങ്ങിയ കാര്യം വെളിപ്പെടുത്തിയത്. 2014ൽ മാത്രമാണ് വോട്ട് കിട്ടാതിരുന്നതെന്നും പറഞ്ഞിരുന്നു. ബിജെപിക്ക് അധികാരത്തിൽ വരാൻ കോൺഗ്രസ് സ്ഥാനാർഥികൾ ഒരുതരത്തിലും ജയിക്കാൻ പാടില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് അന്ന് ആർഎസ്എസ് വോട്ട് ചെയ്യാതിരുന്നത്. അന്ന് കണ്ണൂരിലെ ചുമതല തൃശൂർ ജില്ലക്കാരായ ആർഎസ്എസ്സുകാർക്കായിരുന്നു. അതുകൊണ്ട് ഇവിടുത്തെ നേതാക്കളുമായി സംസാരിച്ച് വോട്ട് ലഭ്യമാക്കാൻ സാധിച്ചില്ലെന്നാണ് സുധാകരൻ പറഞ്ഞത്.
11 തവണയാണ് സുധാകരൻ ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എടക്കാട്, കണ്ണൂർ അസംബ്ലി മണ്ഡലങ്ങളിലും കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലും മൂന്നുതവണ വീതവും ഉദുമയിലും തലശേരിയിലും ഓരോ തവണയും. ഇതിൽ 2014ൽ ഒഴിച്ച് 10 തെരഞ്ഞെടുപ്പിലും ആർഎസ്എസ് വോട്ട് നേടിയെന്നാണ് വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. എന്നിട്ടും അഞ്ചുതവണ മാത്രമാണ് ജയിച്ചത്. 2014ൽ പരാജയപ്പെട്ട് രണ്ടുവർഷം വെറുതെയിരുന്നപ്പോൾ കാസർകോട് ഡിസിസിയെ വെല്ലുവിളിച്ച് 2016ൽ ഉദുമ സീറ്റ് പിടിച്ചുവാങ്ങി. ബിജെപി–-ആർഎസ്എസ് വോട്ടുവാങ്ങി ജയിക്കാമെന്നായിരുന്നു പ്രതീക്ഷ.
ഉദുമയിൽ ജയിച്ചില്ലെങ്കിൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതും ഈവോട്ടിൽ കണ്ണുനട്ടായിരുന്നു. ഉദുമയിൽ തോറ്റിട്ടും രാഷ്ട്രീയം ഉപേക്ഷിച്ചില്ലെന്നുമാത്രമല്ല, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും രംഗത്തെത്തി. ‘എനിക്ക് ശരിയെന്ന് തോന്നിയാൽ ബിജെപിയിലേക്ക് പോകും’ എന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് ആ തെരഞ്ഞെടുപ്പിൽ ബിജെപി–-ആർഎസ്എസ് വോട്ട് കച്ചവടമാക്കിയത്. ലോക്സഭയിൽ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയതിനാൽ സുധാകരനെ അവർക്കാവശ്യം വന്നില്ല. അല്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് പുതിയ വെളിപ്പെടുത്തൽ. ഒരുവശത്ത്, കോൺഗ്രസിൽ സ്ഥാനമുറപ്പിക്കാനും മറുവശത്ത്, ബിജെപിയിലേക്കു പോയാൽ പദവികൾ നേടിയെടുക്കാനുമുള്ള തന്ത്രമാണ് സുധാകരൻ പയറ്റുന്നത്.
ലീഗ് ചർച്ച ചെയ്യും: കുഞ്ഞാലിക്കുട്ടി
ആർഎസ്എസ് ശാഖകളെ സംരക്ഷിച്ചിരുന്നുവെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ലീഗ് നേതൃത്വം ചർച്ചചെയ്യുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അതിനുശേഷം നിലപാട് അറിയിക്കും. സുധാകരനെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള മുൻമന്ത്രി പി കെ അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മലപ്പുറത്ത് വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.