കൊല്ലം
ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ തടങ്കലിലായ മലയാളികൾ ഉൾപ്പെട്ട കപ്പൽ ജീവനക്കാരുടെ സംഘത്തിലെ 15പേരെ നൈജീരിയയ്ക്ക് കൈമാറാനായി മലാബോ ദ്വീപിൽനിന്ന് ലുബ തുറമുഖത്തേക്കു മാറ്റി. കൊല്ലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ വിജിത് വി നായർ, എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത എന്നിവരും സംഘത്തിലുണ്ട്. കപ്പലിലെ ചീഫ് ഓഫീസറായ വയനാട് ബത്തേരി വേങ്ങൂർ സ്വദേശി സനു ജോസ് ഉൾപ്പെടെ 11പേർ കപ്പലിൽ ഗിനി സേനയുടെ തടവിലാണ്. മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് സ്വദേശികളുമുണ്ട്.
ലാബോയിൽനിന്ന് ഗിനി സേനാ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ കാറിൽ സംഘത്തെ ലുബയിൽ എത്തിക്കുകയായിരുന്നു. ഗിനി നാവികസേനയുടെ കപ്പലിൽ പാർപ്പിച്ചിരുന്ന ഇവരെ പിന്നീട് മലാബോ ദ്വീപിലെ ഫെസിലിറ്റേറ്റർ സെന്ററിലേക്കു മാറ്റിയിരുന്നു. അവിടെനിന്ന് ലുബ തുറമുഖത്ത് എത്തിച്ചെന്നു വിജിത് വി നായർ വ്യാഴാഴ്ച ബന്ധുക്കളെ ശബ്ദസന്ദേശത്തിൽ അറിയിച്ചു.
ശ്രീലങ്കന് സ്വദേശി തളർന്നുവീണെന്നും മറ്റുള്ളവർ അവശനിലയിലാണെന്നും പറയുന്നു. തങ്ങളെ ഉടൻ നൈജീരിയൻ സേനയ്ക്ക് കൈമാറുമെന്നും എത്രയുംവേഗം മോചിപ്പിക്കണമെന്നും വിജിത്തും ഒപ്പമുള്ളവരും അഭ്യർഥിക്കുന്ന വീഡിയോയും പുറത്തുവന്നു. ഇതോടെ വിജിത് ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോണ് ഗിനിയൻ സേന പിടിച്ചെടുത്തു. മറ്റൊരു ഫോണിൽ നിന്നാണ് വിജിത് കുടുംബവുമായി ബന്ധപ്പെടുന്നത്. ഗിനിയൻ സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടന്നുവരികയാണെന്ന് സനു ജോസ് ബന്ധുക്കളെ അറിയിച്ചു.
നയതന്ത്ര ഇടപെടൽ അകലെ, ആശങ്കയിൽ ബന്ധുക്കൾ
ഇക്വറ്റോറിയൽ ഗിനിയിൽ തടങ്കലിലായ ഇന്ത്യക്കാർ ഉൾപ്പെട്ട സംഘത്തെ മോചിപ്പിക്കാൻ നയതന്ത്ര ഇടപെടൽ വൈകുന്നതിൽ ആശങ്ക. സാധ്യമായതെല്ലാം ചെയ്യുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഓഫീസിൽനിന്ന് തടവിൽ കഴിയുന്ന മലയാളികളുടെ ബന്ധുക്കളെ അറിയിച്ചു.
ഇന്ധനം കവരാനെത്തിയവരെന്ന തെറ്റിദ്ധാരണയിൽ ആഗസ്ത് എട്ടിനാണ് നോർവേ കപ്പലായ ഹെറൊയിക് ഐഡൻ ഗിനി സേന കസ്റ്റഡിയിലെടുത്തത്. നാവികരെ മോചിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് നോർക്ക ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാൽ, കേന്ദ്ര സർക്കാരിൽനിന്ന് നയതന്ത്ര ഇടപടൽ ഇനിയും ഉണ്ടായിട്ടില്ല.