കണ്ണൂർ> കണ്ണൂർ ജില്ലയിൽ ആർഎസ്എസ് ശാഖകൾ സംരക്ഷിക്കാൻ താൻ ആളുകളെ വിട്ടുനൽകിയിട്ടുണ്ടെന്ന കെപിസിസിസി പ്രസിഡൻറ് കെ സുധാകരന്റെ പരസ്യ പ്രസ്താവന പലതിലേക്കുമുള്ള സൂചനയാണെന്ന് ഐഎൻഎൽ ജന. സെക്രട്ടറി കാസിം ഇരിക്കൂർ.
സുധാകരന്റെ സംഘ്പരിവാർ ബന്ധം പലവട്ടം ചർച്ച ചെയ്യപ്പെട്ടതാണ്. നാളെ ബിജെപിയിലേക്ക് പോകില്ലെന്ന് പറയാനാവില്ല എന്ന് തുറന്നുപറഞ്ഞ ആളാണദ്ദേഹം. എന്നാൽ ആർഎസ്എസ് ശാഖകളെ മാർക്സിസ്റ്റ് പാർട്ടിയിൽനിന്ന് സംരക്ഷിക്കാൻ ആളെ വിട്ടുകൊടുത്തിട്ടുണ്ടെന്ന ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഗൗരവമുള്ളതും വരാനിരിക്കുന്ന രാഷ്ട്രീയത്തിലേക്കുള്ള സൂചനയുമാണെന്ന് കാണാതിരുന്നുകൂടാ.
ആർഎസ്എസ് പ്രതിനിധാനം ചെയ്യുന്ന വർഗീയ ഫാസിസത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിരോധം തീർക്കാൻ ശ്രമിക്കുമ്പോഴാണ് ആർഎസ്എസിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കാൻ കോൺഗ്രസ് നേതാവ് മുന്നോട്ടുവന്നിരിക്കുന്നത്. കോൺഗ്രസിൽനിന്ന് കാവിരാഷ്ട്രീയത്തിലേക്കുള്ള ദൂരം കുറവാണെന്നും തന്നെപ്പോലുള്ളവർക്ക് ദ്വയാംഗത്വമുണ്ടെന്നുമാണ് സുധാകരൻ പരോക്ഷമായി സമ്മതിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ മുസ്ലിം ലീഗിന് എന്താണ് പറയാനുള്ളതെന്നറിയാൻ കേരളത്തിന് കൗതുകമുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.















