രാജാക്കാട്> ശാന്തൻപാറ പത്താംവാർഡായ തൊട്ടിക്കാനത്ത് സിപിഐ എം പ്രവർത്തകരായ അച്ഛനെയും മകനെയും കോൺഗ്രസ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു. അക്രമം തടയാനെത്തിയ സമീപവാസിക്കും വെട്ടേറ്റു. ചൊവ്വാഴ്ച കൂന്തപ്പനത്തേരി സ്വദേശികളായ പരമശിവം(52), മകൻ കുമാർ(26) എന്നിവർക്കാണ് തിങ്കളാഴ്ച രാത്രി 11.30 ന് വെട്ടേറ്റത്.
പ്രതികളെ പിടിച്ചു മാറ്റാനെത്തിയ അയൽവാസിയായ തമ്പിയാനും(40) ചെറിയ പരിക്കേറ്റു. കൂന്തപ്പനത്തേരി സ്വദേശികളായ വിമൽ(25), ഭാര്യാ സഹോദരൻ അരവിന്ദ്(24) എന്നിവരാണ് തങ്ങളെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് പരമശിവം ശാന്തൻപാറ സിഐയ്ക്ക് മൊഴി നൽകി.
പരമശിവത്തിന്റെ തലയ്ക്കും കുമാറിന്റെ കഴുത്തിനുമാണ് വെട്ടേറ്റത്. പരമശിവം, കുമാർ എന്നിവർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തെരഞ്ഞെടുപ്പിൽ അക്രമംമുണ്ടാക്കാനായി സിപിഐ എം പ്രവർത്തകരായ പരമശിവത്തെയും മകനെയും കോൺഗ്രസ് പ്രവർത്തകർ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐ എം ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ മാധ്യങ്ങളെ അറിയിച്ചു.















