കൊച്ചി
ആഫ്രിക്കയിലെ ഗിനിയിൽ നാവികസേനയുടെ പിടിയിലായ സനു ജോസിനും മിൽട്ടൺ ഡിക്കോത്തയ്ക്കും ഉറ്റവരെ കാണാൻ ഇനിയും കാത്തിരിക്കണം. എന്നുവരെയെന്ന് അറിയില്ല. ഇവരുടെ വരവിനായി നെഞ്ചിൽ കനലുമായി കാത്തിരിക്കുകയാണ് ഭാര്യയും കുരുന്നുമക്കളും. സനു, ഗിനി നാവികസേന കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുൻ കപ്പലിലെ ചീഫ് ഓഫീസറും മിൽട്ടൺ മോട്ടോർമാനുമാണ്. കൊല്ലത്ത് സ്ത്രീധനപീഡനത്തെത്തുടർന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും കൂട്ടത്തിലുണ്ട്.
സമുദ്രാതിർത്തി ലംഘിച്ചതിന് ആഗസ്ത് ഒമ്പതിനാണ് എക്വറ്റോറിയൽ ഗിനി നാവികസേന ഇവരുൾപ്പെടെ 26 പേരെ കസ്റ്റഡിയിലെടുത്തത്. 16 പേർ ഇന്ത്യക്കാരാണ്. വയനാട് സുൽത്താൻബത്തേരിക്കാരായ സനു ജോസും ഭാര്യ മെറ്റിൽഡയും മക്കളായ ബെനഡിക്-റ്റും എലിസബത്തും മൂന്നുവർഷമായി കടവന്ത്ര കുമാരനാശാൻ നഗറിലാണ് താമസം. കുസാറ്റ് സിവിൽ എൻജിനിയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് മെറ്റിൽഡ. മേയിലാണ് അവസാനമായി സനു വീട്ടിലെത്തിയത്. അടുത്ത വരവിനുള്ള കാത്തിരിപ്പിനിടെ ആഗസ്തിലാണ് തടവിലായെന്ന വിവരമറിയുന്നത്. നാവികസേനയുടെ കസ്റ്റഡിയിൽ ആയിരുന്നെങ്കിലും ദിവസേനയുള്ള ഫോൺ വിളികൾ ആശ്വാസമായിരുന്നെന്ന് മെറ്റിൽഡ പറഞ്ഞു.
മിൽട്ടൺ ഭാര്യ ശീതളിനും മകൻ അഡ്വിനുമൊപ്പം
കുറച്ചുദിവസമായാണ് ഫോൺ വിളികൾ കുറഞ്ഞത്. ചൊവ്വ രാവിലെയാണ് അവസാനമായി വിളിവന്നത്. ഇതുവരെ മറ്റുപ്രശ്നങ്ങളില്ലാത്തതാണ് ആശ്വാസമെന്ന് മെറ്റിൽഡ പറഞ്ഞു. മുളവുകാട് സ്വദേശി മിൽട്ടന്റെ ഭാര്യ അധ്യാപികയായ ശീതളും മകൻ എട്ടാംക്ലാസുകാരൻ അഡ്വിനും കാത്തിരിപ്പിലാണ്. മുളവുകാട് മേത്തശേരി റോബർട്ട് ഡിക്കോത്തയുടെയും പരേതയായ പെട്രിയുടെയും മകനാണ് നാൽപ്പത്തഞ്ചുകാരനായ മിൽട്ടൺ. നാലുമാസംമുമ്പാണ് മോട്ടോർമാൻ തസ്തികയിൽ ഈ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. വാട്സാപ്പിലൂടെയുള്ള വിളികളുണ്ടെങ്കിലും എന്ന് തിരിച്ചെത്തുമെന്ന ആശങ്കയിലാണ് കുടുംബം. രണ്ടുദിവസമായി വെള്ളവും ഭക്ഷണവുമില്ലാതെയാണ് അവർ ഒരു മുറിയിൽ കഴിയുന്നതെന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും കുടുംബം പറയുന്നു. മിൽട്ടന്റെ ഭാര്യ ശീതൾ, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയെക്കണ്ട് സഹായം അഭ്യർഥിച്ചിരുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി മോചനത്തിന് അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിട്ടുണ്ട്.