ന്യൂഡൽഹി> മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും.രാവിലെ പത്തരയ്ക്കാണ് വിധി പറയുക.
103–-ാമത് ഭരണഘടനാ ഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്ത ഹർജികളിൽ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദംകേട്ടത്. ഏഴു ദിവസം തുടർച്ചയായി വാദംകേട്ടശേഷം വിധിപറയാൻ മാറ്റുകയായിരുന്നു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്രഭട്ട്, ബേലാ എം ത്രിവേദി, ജെ ബി പർധിവാല എന്നിവരാണ് മറ്റ് അംഗങ്ങൾ.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം.