പോർച്ചുഗലിന്റെ എല്ലാ മോഹങ്ങളും ഒറ്റ ബൂട്ടിനുള്ളിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിൽ കുതിക്കാമെന്നാണ് പ്രതീക്ഷ. അഞ്ചാംലോകകപ്പ് കളിക്കുന്ന റൊണാൾഡോയ്ക്ക് 37 വയസ്സായി. ദേശീയ ജേഴ്സിയിൽ രണ്ടുപതിറ്റാണ്ടാകുന്നു. 191 കളിയിൽ 117 ഗോൾ. ഖത്തർ വിടവാങ്ങൽ ലോകകപ്പാകും. നാലുവർഷം കഴിഞ്ഞുള്ള ലോകകപ്പ് മെസി നെയ്മർ റൊണാൾഡോ ത്രയങ്ങൾ ഇല്ലാത്തതാകും.
ലോകകപ്പിൽ പോർച്ചുഗലിന് എട്ടാം ഊഴമാണ്. 1966ൽ മൂന്നാംസ്ഥാനവും 2006ൽ നാലാംസ്ഥാനവും നേടിയതാണ് പ്രധാന നേട്ടം. കഴിഞ്ഞതവണ റഷ്യയിൽ പ്രീ ക്വാർട്ടറിൽ ഉറുഗ്വേയോട് തോറ്റ് മടങ്ങി. ഇത്തവണ പകരംവീട്ടാൻ അവസരമുണ്ട്. ഗ്രൂപ്പ് ജിയിൽ ഒപ്പമുള്ളത് ഉറുഗ്വേയും ഘാനയും ദക്ഷിണ കൊറിയയും.
യൂറോപ്പിൽനിന്ന് യോഗ്യതയ്ക്കായി ഇക്കുറി പ്ലേ ഓഫ് കളിക്കേണ്ടിവന്നിരുന്നു. ഇറ്റലിയെ അട്ടിമറിച്ച നോർത്ത് മാസിഡോണിയയെ പ്ലേഓഫിൽ മടക്കിയാണ് യോഗ്യത നേടിയത്. 22 ഗോളടിച്ചപ്പോൾ വഴങ്ങിയത് ഏഴെണ്ണം. റൊണാൾഡോ ആറ് ഗോൾ നേടി. കോച്ച് ഫെർണാണ്ടോ സാന്റോസിന്റെ തന്ത്രങ്ങൾ നിർണായകമാകും. മുന്നേറ്റത്തിൽ റൊണാൾഡോയുടെ കൂട്ടായിരുന്ന ദ്യേഗോ ജോട്ട പരിക്കേറ്റ് പുറത്തായത് തിരിച്ചടിയായി. ജോയോ ഫെലിക്സും ഗോളടിയിൽ കൂട്ട്. മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയുമുണ്ട്. പ്രതിരോധത്തിൽ പെപെക്ക് പരിക്കുണ്ട്. റൂബൻ ഡയസിനും നൂനോ മെൻഡിസിനും പണി കൂടും.
ഫിഫ റാങ്ക്: 9
ലോകകപ്പ് യോഗ്യത: 8
മികച്ച പ്രകടനം: മൂന്നാംസ്ഥാനം(1966)
ക്യാപ്റ്റൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ
കോച്ച്: ഫെർണാണ്ടോ സാന്റോസ്
മത്സരങ്ങൾ
നവംബർ 24 –- ഘാന (രാത്രി 9.30)
നവംബർ 28–- ഉറുഗ്വേ (രാത്രി 12.30)
ഡിസംബർ 2–-ദക്ഷിണ കൊറിയ (രാത്രി 8.30)