തിരുവനന്തപുരം
മീൻപിടിത്ത മേഖലയെ ശക്തിപ്പെടുത്താനും മത്സ്യസമ്പത്ത് ഫലപ്രദമായി ഉപയോഗിക്കാനുമായി സംസ്ഥാന സർക്കാർ തിരുവനന്തപുരത്തെത്തിയ നോർവെയിൽ നിന്നുള്ള വിദഗ്ധ സംഘവുമായി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നോർവെ സന്ദർശനത്തിൽ മീൻപിടിത്ത മേഖലയിലെ നൂതന സാങ്കേതിക സഹകരണം സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. സന്ദർശനത്തിന് ഒരു മാസത്തിനുള്ളിൽ തന്നെ ഫിഷറീസ് വകുപ്പ് തുടർ നടപടികൾ ആരംഭിച്ചതിന്റെ ആദ്യഘട്ടമായാണ് വിദഗ്ധ സംഘവുമായുള്ള ചർച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), നോർവെയിലെ നാൻസെൻ എൻവയോൺമെന്റൽ ആൻഡ് റിമോട്ട് സെൻസിങ് സെന്റർ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുക. നോർവെയുടെ ആധുനിക സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഈ രംഗത്ത് പരമാവധി ഉൽപ്പാദനക്ഷമത ഉണ്ടാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.