തിരുവനന്തപുരം
തെലങ്കാനയിൽ ടിആർഎസ് എംഎൽഎമാരെ സ്വാധീനിക്കാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയിലൂടെ ‘ഓപ്പറേഷൻ കമല’ യ്ക്ക് ശ്രമിച്ച അമിത് ഷായുടെ നടപടിയിൽ സംസ്ഥാന ബിജെപിയിൽ അതൃപ്തിയും ആശങ്കയും. തങ്ങളുമായി ചേർന്നുനിൽക്കാൻ തയ്യാറാകാത്ത തുഷാറിനെ എംഎൽഎമാരെ വിലയ്ക്കെടുക്കാൻ നിയോഗിച്ചെന്ന ഞെട്ടലിലാണ് സംസ്ഥാന നേതൃത്വം. തങ്ങളേക്കാൾ ബിഡിജെഎസിനെ ദേശീയ നേതൃത്വം വിശ്വാസത്തിൽ എടുക്കുന്നുവെന്നാണ് പൊതുവികാരം. അതുകൊണ്ട് പുറമെ തുഷാറിനെ ന്യായീകരിക്കുകയും രഹസ്യമായി അതൃപ്തി രേഖപ്പെടുത്തുകയുമാണ് നേതാക്കൾ. കെ സുരേന്ദ്രന്റെ പ്രസിഡന്റ് സ്ഥാനം ഡിസംബറിൽ അവസാനിക്കും. തങ്ങൾക്കുകൂടി താൽപ്പര്യമുള്ളയാൾ ബിജെപി പ്രസിഡന്റാകണമെന്നാണ് ബിഡിജെഎസ് നേതൃത്വം കേന്ദ്രനേതാക്കളെ അറിയിച്ചത്.
യോഗംപോലും ചേരാതെ എൻഡിഎയെ അപ്രസക്തമാക്കി ബിജെപി നേതാക്കൾ സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകുകയാണെന്നും കേന്ദ്ര ബിജെപി നേതൃത്വത്തെ തുഷാർ ധരിപ്പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ തുഷാറിനെ അമിത് ഷാ ഇത്തരമൊരു ദൗത്യത്തിന് നിയോഗിച്ചെങ്കിൽ തങ്ങൾക്കത് ശുഭകരമല്ലെന്ന് കേരള നേതാക്കൾക്കറിയാം. തെലങ്കാനയിലെ എംഎൽഎമാരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന തുഷാറിന്റെ വാദങ്ങളെ വിശ്വസിക്കാൻ അവർ തയ്യാറുമല്ല. ‘ഓപ്പറേഷൻ കമല’ വിജയിപ്പിച്ചെടുക്കാൻ കഴിയുന്ന നേതാവല്ല തുഷാറെന്നും ഇക്കാര്യം ഷായ്ക്കും അറിയില്ലേയെന്നും പരിഹസിച്ച് ചില നേതാക്കളും രംഗത്തുണ്ട്.