തിരുവനന്തപുരം
കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് ഗവർണർ ചട്ടവിരുദ്ധമായി രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന് സെനറ്റ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കണം. ഇതിന് ശേഷം പ്രതിനിധിയെ തെരഞ്ഞെടുക്കാമെന്നും വെള്ളിയാഴ്ച ചേർന്ന സെനറ്റ് തീരുമാനിച്ചു. പ്രമേയത്തെ 50 പേർ അനുകൂലിച്ചപ്പോൾ യുഡിഎഫ് –-ബിജെപി പ്രതിനിധികളായ ഏഴുപേർ എതിർത്തു.
ആഗസ്ത് എട്ടിനാണ് യുജിസിയുടെയും തന്റെയും പ്രതിനിധികളെ ചേർത്ത് ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. പിന്നീട് ഇതിലേക്ക് സർവകലാശാല പ്രതിനിധിയെ ആവശ്യപ്പെട്ടു. എന്നാൽ, വിജ്ഞാപനം ഇറക്കിയശേഷം പ്രതിനിധിയെ ഉൾപ്പെടുത്താൻ സർവകലാശാല ആക്ടിൽ വ്യവസ്ഥയില്ല. തുടർന്ന്, ആഗസ്ത് 20ന് മുൻ വിസി വി പി മഹാദേവൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ചാൻസലറായ ഗവർണർക്ക് അയച്ചുകൊടുത്തെങ്കിലും തുടർ നടപടി ഉണ്ടായില്ല. ആ തീരുമാനത്തിൽ ഭേദഗതി വരുത്തണോ വേണ്ടയോ എന്നത് തീരുമാനിക്കാനാണ് വെള്ളിയാഴ്ച സെനറ്റ് വിളിച്ചതും പ്രമേയം പാസാക്കിയതും. ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല. ഇവർകൂടി ഒപ്പിട്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക സെനറ്റ് ചേർന്നത്.
നിയമം ഇങ്ങനെ
സർവകലാശാല ആക്ടിലെ സെക്ഷൻ 10.1 പ്രകാരം ചാൻസലർ രൂപീകരിക്കുന്ന മൂന്നംഗ കമ്മിറ്റി ഏകകണ്ഠമായി നിർദേശിക്കുന്നയാളെ ചാൻസലർ, വൈസ് ചാൻസലറായി നിയമിക്കണം. സെനറ്റും യുജിസി ചെയർമാനും – ചാൻസലറും നിർദേശിക്കുന്ന ഓരോ അംഗങ്ങൾ ചേർന്നതാണ് മൂന്നംഗ കമ്മിറ്റി. ഇതിൽ നിന്നൊരാളെ ചാൻസലർ കമ്മിറ്റി കൺവീനറായി നിയമിക്കണം. കമ്മിറ്റി രൂപീകരിച്ച് മൂന്നുമാസത്തിനുള്ളിൽ വൈസ് ചാൻസലർ നിയമനം നടത്തുകയും വേണമെന്നാണ് സർവകലാശാല ആക്ടിൽ പറയുന്നത്.