തിരുവനന്തപുരം > എല്ലാ ഉദ്യോഗസ്ഥരും ഫയലുകൾ മലയാളത്തിൽ എഴുതാൻ ശ്രമിക്കണമെന്നും സാധാരണക്കാർക്ക് വേണ്ടിയല്ല എന്ന ചിന്ത വരുമ്പോഴാണ് ഫയലിലെ ഭാഷ ഇംഗ്ലീഷ് ആകുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നിയമ വകുപ്പിലെ ഔദ്യോഗികഭാഷാ- പ്രസിദ്ധീകരണ സെൽ സംഘടിപ്പിച്ച മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മലയാളത്തിൽ എഴുതിയാൽമാത്രം പോരാ. ലാളിത്യമുള്ള മലയാളമാകണം. കാര്യം മനസ്സിലാകാതെ വരുമ്പോഴാണ് കടുപ്പമുള്ള ഭാഷ തെരഞ്ഞെടുക്കുന്നത്. വിഷയം ആഴത്തിൽ മനസ്സിലാക്കിയാൽ ഭാഷ സ്വയമേ ലളിതമാകുമെന്നും മന്ത്രി പറഞ്ഞു. നിയമ സെക്രട്ടറി വി ഹരിനായർ അധ്യക്ഷനായി. നിയമ അഡീഷണൽ സെക്രട്ടറി എൻ ജീവൻ, സ്പെഷ്യൽ സെക്രട്ടറി എം കെ സാദിഖ്, നിയമ ഔദ്യോഗികഭാഷ-ാ പ്രസിദ്ധീകരണ സെൽ ജോയിന്റ് സെക്രട്ടറി കെ. പ്രസാദ് എന്നിവർ സംസാരിച്ചു. നിയമ സെല്ലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലെ പൊതുഭരണം, ധനം, നിയമം വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പരിഭാഷാ മത്സരവും സംഘടിപ്പിച്ചു.