കൊച്ചി
എളംകുളത്ത് വാടകവീട്ടിൽ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന റാം ബഹാദൂർ ബിസ്തി (45) പിടിയിൽ. നേപ്പാളിലെ ഒളിത്താവളത്തിൽനിന്നാണ് പ്രത്യേക അന്വേഷകസംഘം നേപ്പാൾ പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ഇയാളെ കേരളത്തിൽ എത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.
രാജ്യാന്തര കുറ്റവാളികളെ കൈമാറുന്നതിലെ നിയമപ്രശ്നങ്ങൾ പരിഹരിച്ചശേഷമാകും റാം ബഹാദൂറിനെ കേരളത്തിൽ എത്തിക്കുക. ഒരാഴ്ചയിലേറെയായി എറണാകുളം സിറ്റി പൊലീസിന്റെ പ്രത്യേക സംഘം ഇയാളുടെ ഒളിത്താവളങ്ങൾ തേടി അന്വേഷണത്തിലായിരുന്നു. പ്രതിയെക്കുറിച്ച് കൊല്ലപ്പെട്ട ഭാഗീരഥി ഗാമിയുടെ ബന്ധുക്കൾ പൊലീസിന് വിവരങ്ങൾ നൽകിയിരുന്നു. പ്രതി ഡൽഹിയിൽ എത്തിയതായി ഫോൺ സിഗ്നൽ വിവരങ്ങൾ ലഭിച്ചിരുന്നു.
ഇയാൾ ഫോൺ സിംകാർഡ് ഉപേക്ഷിച്ചെങ്കിലും പുതിയ സിംകാർഡ് വാങ്ങി പഴയ ഫോണിൽ ഇട്ടതായി പൊലീസ് കണ്ടെത്തി. ഇതോടെ പ്രതിയെ പിടികൂടാമെന്ന പ്രതീക്ഷയിലിരിക്കെയാണ് നേപ്പാളിലേക്ക് കടന്നതായി കണ്ടെത്തിയത്. എളംകുളത്ത് ഒറ്റമുറിവീട്ടിൽ ദമ്പതികൾ എന്ന പേരിലാണ് ഒന്നരവർഷമായി ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. ലക്ഷ്മി എന്ന പേരിലാണ് ഭാഗീരഥി കഴിഞ്ഞിരുന്നത്. ഇരുവരും മഹാരാഷ്ട്രക്കാരാണെന്നും വിശ്വസിപ്പിച്ചിരുന്നു. ഇവർക്കിടയിൽ കലഹം പതിവായതോടെ വീട് ഒഴിയണമെന്ന് അറിയിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് യുവതി കൊല്ലപ്പെട്ടത്. മൊബൈൽഫോൺ ഓഫ് ചെയ്തശേഷമാണ് പ്രതി മുങ്ങിയത്.















