കൊച്ചി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ 10ന് പുനരാരംഭിക്കും. ഡിസംബർ ആറുവരെ വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക തയ്യാറാക്കി. 36 പേർക്ക് സമൻസ് അയച്ചു. മഞ്ജു വാര്യർ, കേസിലെ സാക്ഷിയായ സാഗർ വിൻസെന്റ്, പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ എന്നിവർക്ക് നേരത്തേ വിസ്തരിച്ചെന്ന സാങ്കേതിക കാരണത്താൽ സമൻസ് അയച്ചില്ല. ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെങ്കിൽ പ്രത്യേക അപേക്ഷ നൽകി പ്രതിഭാഗത്തിന്റെകൂടി വാദം കേട്ടശേഷമേ തീരുമാനമെടുക്കാനാകൂവെന്ന് വിചാരണക്കോടതി അറിയിച്ചു.
സുപ്രീംകോടതി കേസ് പരിഗണിക്കുന്ന ഡിസംബർ പതിമൂന്നിനാകും ഇക്കാര്യത്തിലും തീരുമാനമെടുക്കുക. പൾസർ സുനിയുടെ സഹതടവുകാരനായ സജിത്തിനെയാകും ആദ്യം വിസ്തരിക്കുക. കേസിന്റെ പുനരന്വേഷണത്തിലേക്ക് നയിച്ച വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെയും വിസ്തരിക്കും.















