ന്യൂഡൽഹി
ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്. ഹരിയാനയിലെ ആദംപ്പുർ, യുപിയിലെ ഗോലാഗോകർനാഥ്, ബിഹാറിലെ ഗോപാൽഗഞ്ച്, മൊകാമ, ഒഡിഷയിലെ ദാംനഗർ, തെലങ്കാനയിലെ മുനുഗൊഡെ, മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അന്ധേരിയും മൊകാമയും ഒഴികെ മറ്റെല്ലാം ബിജെപി സിറ്റിങ് സീറ്റുകളാണ്. ഞായറാഴ്ചയാണ് വോട്ടെണ്ണൽ.
യുപിയിലെ ഗോലാഗോകർനാഥിൽ പലയിടത്തും ബിജെപി ബൂത്തുകൾ പിടിച്ചെടുത്തതായി സമാജ്വാദി പാർടി ആരോപിച്ചു. കർഷകർ കൊല്ലപ്പെട്ട ലഖിംപ്പുർഖേരിയിൽ ഉൾപ്പെടുന്ന ഗോലാഗോകർനാഥിൽ ബിജെപിയും എസ്പിയും തമ്മിലാണ് പോരാട്ടം. ബിഎസ്പി സ്ഥാനാർഥിയെ നിർത്തിയില്ല.
തെലങ്കാനയിലെ മുനുഗൊഡെയിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ബിഹാറിലെ രണ്ടു മണ്ഡലങ്ങളിലും ആർജെഡിയും ബിജെപിയുമാണ് ഏറ്റുമുട്ടുന്നത്. ഒഡിഷയിൽ ബിജെപിയുടെ സിറ്റിങ് സീറ്റായ ദാംനഗർ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെഡി.















