കൊച്ചി
കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിനിടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ കൈയേറ്റം നടന്നിട്ടില്ലെന്നും വിസി ഗോപിനാഥ് രവീന്ദ്രനെതിരെ കേസെടുക്കേണ്ടതില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടി എ ഷാജി പൊലീസിന് നിയമോപദേശം നൽകി. പ്രതിഷേധക്കാർ ഗവർണറെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയോ പ്രതിഷേധക്കാർ ഗവർണർക്കുസമീപം എത്തുകയോ ചെയ്തിട്ടില്ല. അതിനാൽ, കേസ് എടുക്കേണ്ടതില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാറും നേരത്തേ നിയമോപദേശം നൽകിയിരുന്നു. മാത്രമല്ല ഐപിസി 124 വകുപ്പും നിലനിൽക്കില്ല.
ഗവർണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയിൽനിന്ന് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കണ്ണൂരിലെ കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്. പ്രമുഖ ചരിത്രകാരനായ ഇർഫാൻ ഹബീബും സംഘവും കൈയേറ്റം ചെയ്തുവെന്നും ഡോ. ബി സി ഗോപിനാഥ് രവീന്ദ്രൻ ഇതിന് കൂട്ടുനിന്നെന്നുമായിരുന്നു ആരോപണം. ഈ പരാതിയിൽ കേസെടുക്കേണ്ടതില്ലെന്നാണ് നിയമോപദേശം.
2019ൽ ചരിത്ര കോൺഗ്രസിനിടെ സിഎഎക്ക് അനുകൂലമായി ഗവർണർ സംസാരിച്ചതിനെതിരെയാണ് ഇർഫാൻ ഹബീബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും സംഘടനകളും പ്രതിഷേധിച്ചത്. അന്ന് ബഹളം ഉണ്ടായെങ്കിലും ഗവർണർക്കെതിരെ കൈയേറ്റമുണ്ടായിട്ടില്ലെന്ന് കണ്ണൂർ സർവകലാശാല റിപ്പോർട്ട് നൽകിയിരുന്നു.















