തിരുവനന്തപുരം
വെള്ളിയാഴ്ച നടക്കുന്ന കേരള സർവകലാശാലയുടെ പ്രത്യേക സെനറ്റിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കാനിടയില്ല. വിസി നിയമനത്തിന് ഗവർണർ നിയോഗിച്ച രണ്ടംഗ സെർച്ച് കമ്മറ്റി രൂപീകരണം നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആഗസ്ത് 20ന് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തിൽ ഭേദഗതി വരുത്തണോ വേണ്ടയോ എന്നത് സെനറ്റിൽ ചർച്ചയാകും.
ഒരു സെനറ്റെടുത്ത തീരുമാനം പുനഃപരിശോധിക്കണമെങ്കിൽ 12 മാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, സ്റ്റാറ്റ്യൂട്ട് അനുസരിച്ച് നാലിലൊന്ന് അംഗങ്ങൾ നോട്ടീസ് കൊടുത്താൽ പ്രത്യേക സെനറ്റ് യോഗം ചേരാം. അത്തരത്തിലൊരു യോഗമാണ് വെള്ളിയാഴ്ച നടക്കുന്നത്. സെനറ്റിലെ 63 അംഗങ്ങൾ ഒപ്പിട്ട് നൽകിയ ആവശ്യപ്പെടലിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. അതിനാൽ, ഈ യോഗത്തിൽ സർവകലാശാല പ്രതിനിധിയെ തീരുമാനിക്കാൻ സാധ്യത കുറവാണ്.
ഒക്ടോബർ 12ന് വിളിച്ചുചേർത്ത പ്രത്യേക സെനറ്റിൽ വിട്ടുനിന്നതിന് ഗവർണർ പിൻവലിച്ച 15 അംഗങ്ങൾ വെള്ളിയാഴ്ചത്തെ സെനറ്റിൽ പങ്കെടുക്കില്ല. അഞ്ച് സിൻഡിക്കറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. നിലവിൽ ഇവർക്കു പകരം അംഗങ്ങളെ നിയമിക്കരുതെന്ന് ഹൈക്കോടതി നിർദേശമുണ്ട്. തൊണ്ണൂറ്റൊന്ന് അംഗങ്ങളുള്ള സെനറ്റിൽ മുൻ വിസി ഡോ. വി പി മഹാദേവൻ പിള്ളയുൾപ്പെടെ 13 പേർ മാത്രമായിരുന്നു കഴിഞ്ഞ യോഗത്തിൽ പങ്കെടുത്തത്. ഇതോടെ ക്വാറം തികയാതെ വരികയും സെനറ്റ് യോഗം പിരിച്ചുവിടുകയുമായിരുന്നു.















