തിരുവനന്തപുരം
എ കെ ജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതി യൂത്ത് കോൺഗ്രസ് വനിതാനേതാവ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ബുക്ക് ചെയ്ത ഹോട്ടൽ മുറിയിൽ ഒളിച്ചുതാമസിച്ചതായി വിവരം. സെപ്തംബർ 22ന് മുഖ്യപ്രതി ജിതിൻ പിടിയിലായതിനെ തുടർന്ന് തൃശൂർ പുഴയ്ക്കലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇവരെ താമസിപ്പിച്ചത്. ജോഡോയാത്ര സമയത്ത് കെ സുധാകരൻ ഇവിടെ നാല് മുറി ബുക്ക് ചെയ്തിരുന്നു. സുധാകരന്റെ പേഴ്സണൽ അസിസ്റ്റന്റ് വിപിനാണ് വനിതാ നേതാവിനെ കൊണ്ടുവന്നതും മുറിയിൽ താമസിപ്പിച്ചതും. സെപ്തംബർ 23 മുതൽ ആര്യാടൻ മുഹമ്മദിന്റെ സംസ്കാരം നടന്ന 25 വരെ വനിതാനേതാവ് ഈ ഹോട്ടലിൽ തങ്ങി. വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയതോടെ വിപിനെ പിഎ സ്ഥാനത്തുനിന്ന് നീക്കി.
ഒളിവിൽ കഴിയുമ്പോൾ പ്രതികൾക്ക് വിപിൻ പ്രത്യേക ഫോൺ എടുത്ത് കൊടുത്തിരുന്നു. ഈ നമ്പർ വഴിയാണ് സുധാകരൻ സ്ഥലത്തുള്ളപ്പോഴടക്കം പ്രതികളുമായി ബന്ധപ്പെട്ടിരുന്നത്. സുധാകരനുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നയാളാണ് വിപിൻ.
സുധാകരന്റെ അറിവോടെയായിരുന്നു എ കെ ജി സെന്റർ ആക്രമണമെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. മുഖ്യപ്രതി പിടിയിലായപ്പോൾ പ്രകോപിതനായ സുധാകരൻ ‘മയക്ക് ചോക്ലേറ്റ് നൽകി ജിതിനെക്കൊണ്ട് ഇല്ലാത്തത്’ പറയിപ്പിച്ചെന്നാണ് പ്രതികരിച്ചത്.