തിരുവനന്തപുരം
രണ്ടു വർഷത്തിനിടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാനം ചെലവഴിച്ചത് 10,000 കോടി രൂപ. മറ്റേത് സംസ്ഥാനത്തേക്കാളും വിപണിയിൽ ഇടപെടുന്ന സർക്കാരിനെയാണ് ഒരുവിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നത്.
കോവിഡ് കാലത്ത് ഉൾപ്പെടെ 14 തവണ സൗജന്യ ഭക്ഷ്യക്കിറ്റ് നൽകാൻ മാത്രം ചെലവിട്ടത് 5600 കോടി രൂപയാണ്. 13 നിത്യോപയോഗ സാധനങ്ങൾക്ക് 2016ലെ അതേ വിലയാണ് 2022ലും. ഇതിന് വർഷം 400 കോടി ചെലവഴിക്കുന്നു. എഫ്സിഐയിൽനിന്ന് അരി വാങ്ങാൻ 1444 കോടിയും നെല്ല് സംഭരണത്തിന് 1604 കോടിയും റേഷൻ കടകൾക്ക് 1338 കോടിയും സഹകരണ ചന്തകൾക്ക് 106 കോടിയും തീരമൈത്രി സൂപ്പർ മാർക്കറ്റുകൾക്ക് 46 ലക്ഷം രൂപയും ചെലവിട്ടു.
ജനകീയ ഹോട്ടലും സുഭിക്ഷ ഔട്ട്ലറ്റും വിലക്കയറ്റം പിടിച്ചുനിർത്തുന്നു. പൊതുവിതരണ സംവിധാനത്തിന് 2063 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ അനുവദിച്ചത്. വാതിൽപ്പടി സേവനത്തിലൂടെ മത്സ്യത്തൊഴിലാളി, ആദിവാസി ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് നേരിട്ട് സാധനങ്ങൾ എത്തിക്കുന്നു.
കൺസ്യൂമർഫെഡ് സഹകരണസ്ഥാപനങ്ങളുമായി സഹകരിച്ച് 1000 നീതി സ്റ്റോർ നടത്തുന്നു. 176 ത്രിവേണി സൂപ്പർമാർക്കറ്റും 47 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുമുണ്ട്. ഉത്സവകാലത്ത് ശരാശരി 1500 ചന്ത നടത്തി. ഭക്ഷ്യ–-പലചരക്ക് സാധനങ്ങൾ 20 ശതമാനംവരെ വിലകുറച്ച് നൽകി. സംസ്ഥാനത്ത് 817 മാവേലി സ്റ്റോറാണുള്ളത്. ഇവിടെ 30 –- 50 ശതമാനംവരെയാണ് വിലക്കുറവ്. സപ്ലൈകോയിൽ 32 ഇനങ്ങൾക്ക് സബ്സിഡിയുണ്ട്.