കൊച്ചി> സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നല്കിയ നോട്ടീസിന് തിങ്കള്‍ വൈകിട്ട് അഞ്ചിനുമുമ്പ് മറുപടി നല്കാന് ഹൈക്കോടതിയുടെ നിര്‍ദേശം. നിലവില്‍ കേരള സര്‍വകലാശാലയും കുഫോസും ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു.
മറുപടി നല്കിയാല് തങ്ങളുടെ ഭാഗം കോടതി കേള്ക്കാതിരിക്കുമോയെന്ന് വിസിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍, ഹര്‍ജിക്കാരുടെ ഭാഗം കേള്‍ക്കുമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. കേസ് ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. |
സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലെ വിസിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 23ന് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇതിന്റെ പിന്നാലെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്കി. നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണമെന്നും ഏഴിന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകണമെന്നുമാണ് അതില്‍ പറഞ്ഞിരുന്നത്.
സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി കേസ് പരിഗണിച്ചതും സമയം നീട്ടിയതും. ബുധനാഴ്ച കോടതി ഗവര്‍ണറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ഗവര്‍ണറുടെ അഭിഭാഷകന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സമയം നീട്ടിനല്‍കി.
ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത് നിയമപരമല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് വിസിമാര്‍ ഹര്‍ജി നല്‍കിയത്. സാങ്കേതിക സര്‍വകലാശാലാ കേസിലെ സുപ്രീംകോടതി വിധി അതിനുമാത്രമാണ് ബാധകമാവുകയെന്നും യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഗവര്ണര്പ്രവര്ത്തിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ കത്തിന്റെ തുടര്‍നടപടിയായുള്ള നോട്ടീസ് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു