തിരുവനന്തപുരം> ഗവർണർ ആർഎസ്എസിന്റെ അജൻഡയാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഈ ശ്രമം കേരളം അംഗീകരിക്കില്ല. ഭരണഘടനാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഗവർണറുടെ പ്രതികരണം തരംതാഴ്ന്ന് മഞ്ഞപത്രങ്ങൾക്ക് സമാനമായി. പ്രതിപക്ഷത്തിന്റെ നിലവാരംപോലും അദ്ദേഹത്തിനില്ല.
എന്താണ് ആർഎസ്എസ് ആയാൽ കുഴപ്പമെന്ന് ചോദിച്ച വ്യക്തിയാണ് ഇപ്പോൾ തിരിച്ചുപറയുന്നത്. അതു തെളിയിക്കേണ്ട കാര്യമില്ല, അദ്ദേഹംതന്നെയാണ് പറഞ്ഞത്. അദ്ദേഹത്തിന് കേരളം എന്തെന്നോ പാർട്ടി എന്തെന്നോ ഒരു ധാരണയും ഇല്ല. അക്കാദമിക് രംഗത്ത് അഗ്രഗണ്യരായവരാണ് കേരളത്തിലെ വിസിമാർ. രാജ്ഭവനിലെ നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ കൈയിലുണ്ട്. പൊതുമേഖലാ ജീവനക്കാരുടെ പെൻഷൻപ്രായത്തിന്റെ കാര്യത്തിൽ സർക്കാർതന്നെ കൃത്യമായ തീരുമാനം കൈക്കൊണ്ടുവെന്നും തലസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.