ന്യൂഡൽഹി > കേന്ദ്ര സർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ‘എവിടെ എന്റെ തൊഴിൽ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ച് യുവജന പ്രക്ഷോഭമായി. മാർച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി അധ്യക്ഷനായി. ആയിരങ്ങളാണ് മാർച്ചിൽ അണിചേർന്നത്.
തലസ്ഥാനം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭമായി മാർച്ച്. കേരളത്തിൽനിന്നടക്കമുള്ള വളന്റിയർമാർ മാർച്ചിൽ അണിചേർന്നു. ഡിശെവഎഫ്ഐയുടെ സ്ഥാപകദിനത്തിൽ സംഘടിപ്പിച്ച മാർച്ചിൽ അഗ്നിപഥ് പദ്ധതിക്കെതിരെയും യുവജനരോഷമുയർന്നു.
45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് മോദി ഭരണത്തിൽ. കേന്ദ്രസ്ഥാപനങ്ങളിൽ പത്തുലക്ഷത്തോളം ഒഴിവുകൾ നികത്തുന്നില്ല. ജോലിസ്ഥിരതയെ തകർത്ത് കരാർവൽക്കരണവും അടിച്ചേൽപ്പിക്കുന്നു. അഗ്നിപഥ് പദ്ധതി സൈന്യത്തെ കരാർവൽക്കരിക്കുന്നതിനു പുറമെ രാജ്യസുരക്ഷയെയും അപകടപ്പെടുത്തും. മാർച്ചിന്റെ പ്രചാരണാർഥം സെപ്തംബർ 15ന് അഖിലേന്ത്യാ അവകാശദിനമായി ആചരിച്ചിരുന്നു. ബ്ലോക്കുകളിൽ കാൽനട ജാഥകളും സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് പാർലമെൻറ് മാർച്ച് നടത്തിയത്.