തിരുവനന്തപുരം> വില ക്കയറ്റം തടയാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആന്ധ്രയിൽനിന്ന് കൂടുതൽ അരി എത്തിക്കും. കടല, വൻപയർ, മല്ലി, വറ്റൽ മുളക്, പിരിയൻ മുളക് എന്നിവയും ആന്ധ്രയിലെ കർഷകരിൽ നിന്ന് സംഭരിച്ച് വിതരണത്തിന് എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാസം 3840 മെട്രിക് ടൺ ജയ അരി എത്തിക്കാനാണ് ധാരണ. ഡിസംബർ മുതൽ ഉൽപ്പന്നങ്ങൾ എത്തി തുടങ്ങും. ആന്ധ്രയിലെ കർഷകർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച താങ്ങുവില നൽകിയാണ് സംഭരണം. ആന്ധ്ര സിവിൽസപ്ലൈസ് കോർപറേഷനാണ് സംഭരണ ചുമതല.
മിനിമം താങ്ങുവിലയ്ക്ക് പുറമേ ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള ചെലവും കേരളം നൽകും. സാധനങ്ങളുടെ ഗുണനിലവാരം ആന്ധ്രയിലെയും കേരളത്തിലെയും സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരുടെ സംയുക്തസംഘം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ ജയ അരി സംസ്ഥാനത്തിലെ കർഷകരാണ് ഉൽപ്പാദിക്കുന്നതെന്നും ഗുണനിലവാരമുള്ള അരിയും മറ്റ് ഉൽപ്പന്നങ്ങളുമാണ് ലഭ്യമാക്കുകയെന്നും ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു പറഞ്ഞു. മുഖ്യമന്ത്രി വെ എസ് ജഗമോഹൻ റെഡ്ഡിയെ ചർച്ചയുടെ വിശദാംശം അറിയിക്കും. കേരളം മാത്രമാണ് ജയ അരി ആവശ്യപ്പെടുന്നത്. ഗോദാവരി നദീ തീരം ജയ നെല്ല് ഉൽപ്പാദിക്കാൻ അനുയോജ്യമാണ്. മുമ്പ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ജയ സംഭരിച്ചിരുന്നു.
അവർ അത് നിർത്തിയതോടുകൂടിയാണ് കർഷകർ ജയ നെല്ല് കൃഷി ചെയ്യാതിരുന്നത്. കേരളത്തിന്റെ ആവശ്യം കർഷകരെ അറിയിക്കും. അടുത്ത സീസൺ മുതൽ ഈ നെല്ല് കൃഷി ചെയ്യാൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരും സംസ്ഥാന ഭക്ഷ്യമന്ത്രിമാർ തിരുവനന്തപുരം റസ്റ്റ് ഹൗസിലാണ് ചർച്ച നടത്തിയത്. ഇരുസംസ്ഥാനങ്ങളിലെയും സിവിൽ സപ്ലൈസ് കോർപറേഷൻ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാനം ആവശ്യപ്പെട്ടത്
മല്ലി– 380 മെട്രിക് ടൺ
വൻപയർ– 720 മെട്രിക് ടൺ
വറ്റൽ മുളക്– 500 മെട്രിക് ടൺ
പിരിയൻ മുളക്– 50മെട്രിക് ടൺ
കടല– 770 മെട്രിക് ടൺ