മലപ്പുറം> ദേശാഭിമാനി എൺപതാം വാർഷികത്തിന്റെ ഭാഗമായി ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടത്തുന്ന മലപ്പുറം മഹോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് പ്രവർത്തനം തുടങ്ങി. മലപ്പുറം പ്രസ്ക്ലബ് കെട്ടിടത്തിലാണ് ഓഫീസ്. സംഘാടകസമിതി ചെയർമാൻ ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ഭാരവാഹികളായ വി പി അനിൽ, കെ മജ്നു, മണമ്പൂർ രാജൻബാബു, പാലോളി കുഞ്ഞിമുഹമ്മദ്, പാലോളി അബ്ദുറഹിമാൻ, എം രാജേഷ്, റസാഖ് പയമ്പ്രോട്ട്, ദേശാഭിമാനി മാനേജർ ആർ പ്രസാദ്, ന്യൂസ് എഡിറ്റർ പി വി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം മഹോത്സവത്തിന്റെ പ്രവർത്തനം ഇനി സംഘാടകസമിതി ഓഫീസ് കേന്ദ്രീകരിച്ചാകും. വിവിധ സബ്കമ്മിറ്റികളുടെ യോഗങ്ങൾ തിങ്കളാഴ്ചയും അടുത്തദിവസങ്ങളിലുമായി ചേരും. ഇ എൻ മോഹൻദാസ് ചെയർമാനും ആർ പ്രസാദ് ജനറൽ കൺവീനറുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മലപ്പുറത്തിന്റെ സാമുഹിക–- സാംസ്കാരിക–- രാഷ്ട്രീയരംഗത്തെ പ്രമുഖർ ഉൾപ്പെട്ടതാണ് സംഘാടകസമിതി. ഡിസംബർ മൂന്ന്, നാല് തീയതികളിൽ എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലും കോട്ടക്കുന്നിലുമായാണ് മലപ്പുറം മഹോത്സവത്തിന്റെ പ്രധാന പരിപാടികൾ. മലപ്പുറത്തിന്റെ ചരിത്രവും കലാപാരമ്പര്യവും അടയാളപ്പെടുത്തുന്ന സെമിനാറുകൾ, സിമ്പോസിയങ്ങൾ, കലാപരിപാടികൾ, പ്രദർശനം തുടങ്ങിയവയുണ്ടാകും.