തിരുവനന്തപുരം > എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കും മൂന്നു അഭിഭാഷകര്‍ക്കും എതിരെ പരാതിക്കാരി നല്കിയ മൊഴി പുറത്ത്. വക്കീല്‍ ഓഫീസില്‍ പൂട്ടിയിട്ട് മുദ്രപത്രത്തില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയെന്നും ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയെ കാണാതായ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതലായി നല്കിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നത്.
മൊഴിയുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ:
8.10.2022ല്‍ എല്‍ദോസ് കുന്നപ്പള്ളിയുടെ സുഹൃത്ത് അരുണ്‍ ആവശ്യപ്പെട്ടത് പ്രകാരം പരാതിക്കാരി അഡ്വ. അലക്സിനെ ഫോണില്‍ വിളിക്കുകയും ഫോണ്‍ കട്ട് ചെയ്ത ശേഷം തിരിച്ചുവിളിച്ച അഡ്വ അലക്സ്, എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കോവളം സ്റ്റേഷനില്‍ നൽകിയ പരാതി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പരാതിക്കാരിയുടെ മകനെയും അമ്മയെയും അപായപെടുത്തുമെന്നും അതിലുള്ള ആള്‍ക്കാരെ എംഎല്‍എ റെഡിയാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അല്ലെങ്കില്‍ അടുത്ത ദിവസം എല്‍ദോസ് വിളിക്കുമ്പോള്‍ പറയുന്നതുപോലെ ചെയ്യണമെന്നും ഭീഷണിപ്പെടുത്തി.
9.10.2022 രാവിലെ 6.30ന് എല്‍ദോസ് പരാതിക്കാരിയെ ഫോണില്‍ വിളിച്ച് അഡ്വ. അലക്സ് വിളിച്ചത് താന്‍ പറഞ്ഞിട്ടാണെന്നും കോവളം സ്റ്റേഷനില്‍ തനിക്കെതിരെ നല്കിയ പരാതി പിന്‍വലിക്കണമെന്നും ഇക്കാര്യം സംസാരിക്കാനായി ജിഷ്ണു എന്നയാളെ കാറുമായി അയക്കുമെന്നും അതില്‍ വരണമെന്നും അല്ലെങ്കില്‍ അമ്മയും മകനെയും അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
ഈ വിവരം പരാതിക്കാരി സുഹൃത്തായ ആനന്ദിനെ അറിയിക്കുകയും തുടര്‍ന്ന് ജിഷ്ണുവിനൊപ്പം കാറില്‍ കയറുകയും ചെയ്തു. പാളയത്തിനു സമീപം എത്തുമ്പോള്‍ എല്‍ദോസ് കാറില്‍ കയറുകയും ജിഷ്ണുവിനെ ഒഴിവാക്കി വാഹനം വിഴിഞ്ഞത്തേക്ക് ഓടിക്കുകയും ചെയ്തു. അവിടെ എത്തിയ ശേഷം പിന്നീട് എംഎല്‍എ വഞ്ചിയൂരിലെ ത്രിവേണി ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള അഡ്വ. സുധീറിന്റെ വക്കീല്‍ ഓഫീസിലേക്ക് തന്നെയും കൊണ്ട് വന്നു.
അവിടെ അഡ്വ. സുധീറിനെ കൂടാതെ അഡ്വ. അലക്സ്, അഡ്വ. ജോസ് എന്നിവരും ഉണ്ടായിരുന്നു. ഓഫീസിനുള്ളില്‍ കയറിയ ഉടന്‍ അഡ്വ. സുധീര്‍ വാതില്ക്കുറ്റിയിട്ടു. അവര്‍ ആവശ്യപ്പെട്ട പ്രകാരം ഓഫീസിലെ ക്യാബിനുള്ളിലെ കസേരയില്‍ ഞാന്‍ ഇരുന്നു. എന്റെ ഇടതു ഭാഗത്തായി എംഎല്‍എയും അതിനെറ അടുത്തായി ജോസും എതിര്‍വശത്തുള്ള മേശയ്ക്കപ്പറത്തുള്ള കസേരയില്‍ അഡ്വ. അലക്സും ഇരുന്നു. അഡ്വ. സുധീര്‍ പുറകിലായി നിന്നു. അഡ്വ. അലക്സ് സ്വയം പരിചയപ്പെടുത്തിയ ശേഷം കൂടെയുള്ള അഡ്വക്കേറ്റ്സ്മാരെയും പരിചയപ്പെടുത്തി. അതിനുശേഷം ഞാന്‍ എംഎല്‍എയ്ക്കെതിരെ കോവളം സ്റ്റേഷനില്‍ നല്കിയ പരാതി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ നിങ്ങളുടെ മകന്റെയും അമ്മയുടെയും കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കുമെന്നും പറഞ്ഞു. എംഎല്‍എ വിചാരിച്ചാല്‍ നിങ്ങളെ ഹണി ട്രാപ്പില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കുമെന്നും അതുകൊണ്ട് ഞങ്ങള്‍ തയ്യാറാക്കിയ മുദ്രപത്രത്തില്‍ ഒപ്പിട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും പറഞ്ഞ് അഡ്വ. അലക്സ് എന്നെ ഭീഷണിപ്പെടുത്തി.
അവര്‍ നല്കിയ മുദ്രപത്രത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചപ്പോള്‍ മുപ്പത് ലക്ഷം രൂപ നല്‍കാമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും എന്നോടാവശ്യപ്പെട്ടു. അതിനു ഞാന്‍ വഴങ്ങാത്തത് കൊണ്ട് എംഎല്‍എ പെട്ടെന്ന് കസേരയില്‍ നിന്നും ചാടി എഴുന്നേറ്റ് എടീ — മോളെ എന്ന് പറഞ്ഞ് അനുസരിക്കാന്‍ പറ്റില്ലേ എന്ന് അസഭ്യം പറഞ്ഞുകൊണ്ട് എന്റെ തല പിടിച്ച് മുന്നോട്ട് താഴ്ത്തിയ ശേഷം കൈമടക്കി എന്റെ കഴുത്തിന് താഴെയായി ശക്തിയായി ഇടിച്ചു, ഇടികൊണ്ട് ഞാന്‍ കമഴ്ന്ന് വീഴാന്‍ പോയപ്പോള്‍ എല്‍എല്‍എ എന്റെ ചുരിദാറിലും തലമുടിയിലും വലിച്ച് പിടിക്കുകയും അപ്പോള്‍ എനിക്ക് ശ്വാസം മുട്ടുകയും എന്റെ ചുരിദാറിന്റെ പുറക് വശം കീറുകയും ചെയ്തു.
അതിനു ശേഷം എംഎല്‍എ എന്റെ തലമുടിയിലും ചുരിദാറിലും ബലമായി പിടിച്ച് മുദ്രപത്രത്തില്‍ ഒപ്പിടാന്‍ ബലം പ്രയോഗിച്ചു. ആ സമയം മുദ്രപത്ത്രില്‍ എഴുതിയിരുന്നത് കുറച്ച് എനിക്ക് വായിക്കുവാന്‍ കഴിഞ്ഞു. വായിച്ചു നോക്കിയപ്പോള്‍ എംഎല്‍എയുടെ പിആര്‍ വര്‍ക്കിനുവേണ്ടി വര്‍ക്ക് ചെയ്തിരുന്ന ആളാണെന്നും ശമ്പളം തരാത്തത് കൊണ്ടാണ് എംഎല്‍എയ്ക്കെതിരെ കള്ള കേസ് കൊടുത്തത് എന്നും എഴുതിയത് കണ്ടു. അതുകൊണ്ട് ഞാന്‍ അതില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. അപ്പോള്‍ എംഎല്‍എ കൂടുതല്‍ ക്ഷുഭിതാനായി എന്റെ ഷോള് അടക്കം കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുയും കൂടെയുണ്ടായിരുന്ന വക്കീലനമാര്‍ വിടാന്‍ പറഞ്ഞപ്പോള്‍ അയാള്‍ എന്നെ ശക്തിയായി തറയിലേക്ക് തള്ളിയിട്ടു.
ആ വീഴ്ചയില്‍ എന്റെ കൈമുട്ടിന് പരിക്കുപറ്റി. ഞാന്‍ ഭയന്ന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അഡ്വ. സുധിറും, ജോസും എന്നെ തടയുകയും ഡോറിനോട് ചേര്‍ന്നുള്ള ഒരു കുഷ്യന് സീറ്റില്‍ പിടിച്ചിരുത്തുകയും ചെയ്തു. ഈ സമയം സുധീര്‍ വക്കീല്‍ ഡോര്‍ തുറന്ന് കെടുത്തപ്പോള്‍ ഒരാള്‍ മൊബൈല്‍ ഫോണുമായി അകത്ത് കടന്ന് വരുകയും പ്രസ്സ് മലയാളം ചാനല്‍ റിപ്പോര്‍ട്ടര്‍ രാഗം രാധാകൃഷ്ണനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുകയും അയാള്‍ മൊബൈല്‍ ഫോണില്‍ എന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. എംഎല്‍എ വലിച്ചു കീറിയ ചുരിദാറാണ് ഞാന്‍ അപ്പോള്‍ ധരിച്ചിരുന്നത്. എല്‍എല്‍എ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ ഈ വീഡിയോ ചാനലിലൂടെ കാണിച്ച് നിന്നെ ഹണിട്രാപ്പില്‍പ്പെടുത്തുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി.
പിന്നീട് അവര്‍ സംസാരിച്ച് നില്ക്കുമ്പോള് ഞാന്‍ പെട്ടെന്ന് ഓഫീസിന്റെ പുറത്തിറങ്ങി ഓട്ടോറിക്ഷ കൈകാട്ടി അതില്‍ കയറി. ഈ സമയം വക്കീലന്മാര് താഴെ എത്തി ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തിയിട്ട് ഓട്ടോയില്‍ നിന്നും ഇറക്കി എന്നെ ഭീഷണിപ്പെടുത്തി വേറെയൊരു കാറിന്റെ മുന്‍ സീറ്റില്‍ കയറ്റി. അഡ്വ. ജോസാണ് ആ കാര്‍ ഓടിച്ചത്. അഡ്വ. സുധീറും, അലക്സും ആ കാറില്‍ കയറി. സുധീര്‍ കാറിന്റെ പിന്നിലാണ് ഇരുന്നത്. കാര്‍ വഞ്ചിയൂരില്‍ നിന്നും പല വഴിപോയി ലോഡ്സ് ആശുപത്രിക്ക് സമീപം തന്നെ റോഡില്‍ തള്ളിയിട്ടശേഷം അവര്‍ കാര്‍ ഓടിച്ചുപോയി. ഈ വിവരങ്ങള്‍ എന്നെ കാണാതായതിലേക്ക് കണ്ടു കിട്ടിയശേഷം ഞാന്‍ നല്കിയ മൊഴില്‍ പറഞ്ഞിട്ടില്ല. എംഎല്‍എയെയും കൂട്ടരെയും പേടിച്ചിട്ടാണ് ഞാന്‍ ആ വിവരം സ്റ്റേഷനില്‍ പറയാതിരുന്നത് – പരാതിക്കാരി മൊഴിയിൽ പറയുന്നു.