ന്യൂഡൽഹി > ബലാത്സംഗക്കേസുകളിൽ നടത്തുന്ന കുപ്രസിദ്ധമായ ‘രണ്ട് വിരൽ പരിശോധന’ റദ്ദാക്കി സുപ്രീംകോടതി. ഈ പരിശോധന നടത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമാകോഹ്ലി എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു.
ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത രണ്ടുവിരൽ പരിശോധന ബലാത്സംഗ, ലൈംഗികാതിക്രമക്കേസുകളിലെ അതിജീവിതമാരെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് ജഡ്ജിമാർ ചൂണ്ടിക്കാണിച്ചു. ‘‘രണ്ടുവിരൽ പരിശോധന ഒഴിവാക്കേണ്ടതാണെന്ന് കോടതി മുമ്പ് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും, അത് ഇപ്പോഴും തുടരുന്നത് തികച്ചും അപലപനീയമാണ്. മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവർ ബലാത്സംഗം ചെയ്യപ്പെടില്ലെന്ന അബദ്ധധാരണയാണ് ഈ പരിശോധനയ്ക്ക് പിന്നിലുള്ളത്. അതിജീവിതയുടെ മൊഴിയും അവരുടെ ലൈംഗികജീവിതപശ്ചാത്തലവുമായി ബന്ധമില്ല. ഒരു സ്ത്രീ നൽകുന്ന മൊഴി ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം പരിശോധനയ്ക്ക് ശേഷമേ വിശ്വസിക്കുകയുള്ളുവെന്ന് പറയുന്നത് സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമാണ്’’- സുപ്രീംകോടതി നിരീക്ഷിച്ചു.
രണ്ടുവിരൽ പരിശോധന നടത്തുന്നവർക്ക് എതിരെ മോശം പെരുമാറ്റം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി നടപടി സ്വീകരിക്കാനും പരിശോധന റദ്ദാക്കിയ കാര്യം എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളെ അറിയിക്കാനും ആരോഗ്യമന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മെഡിക്കൽകോളേജുകള് കരിക്കുലങ്ങളിൽ നിന്നും രണ്ടുവിരൽ പരിശോധനയുടെ ഭാഗങ്ങൾ നീക്കണം, ബലാത്സംഗ/ലൈംഗികാതിക്രമ കേസുകളിലെ ഇരകളെ പരിശോധിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് ആരോഗ്യപ്രവർത്തകരെ ബോധവൽക്കരിക്കാൻ ശിൽപ്പശാലകൾ സംഘടിപ്പിക്കണം – തുടങ്ങിയ നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
ബലാത്സംഗക്കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ തെലങ്കാന ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീൽ പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും സുപ്രധാന ഉത്തരവുണ്ടായത്. സ്വകാര്യഭാഗങ്ങളിൽ വിരലുകൾ കടത്തി പേശികളുടെ മുറുക്കം നോക്കി ലൈംഗികബന്ധം ഉണ്ടായിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതാണ് രണ്ടുവിരൽ പരിശോധന. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് രണ്ടുവിരൽ പരിശോധന ഒഴിവാക്കണമെന്ന് 2013ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.