ഇരിട്ടി> പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ. മലപ്പട്ടത്തെ കൃഷ്ണൻ (56)നെയാണ് തിങ്കളാഴ്ച പുലർച്ചെ ഉളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ പതിനേഴുകാരി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്. കുഞ്ഞിനെയും അമ്മയെയും ജില്ലാആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖായിരിക്കുന്നു.
പൊലീസ് പറയുന്നതിങ്ങനെ:- വീട്ടിൽ എത്താറുള്ള കൃഷ്ണൻ അയൽ പക്കത്തെ ആളൊഴിഞ്ഞ വീട് കാണിച്ച് തരാമോയെന്ന് ചോദിച്ച് കൂട്ടികൊണ്ടു പോയി. വീടിന്റെ പുറക് വശത്തെ വാതിലിലൂടെ അകത്ത് കയറ്റി ജ്യൂസ് നൽകി. ജ്യൂസ് കുടിച്ചപാടെ ഉറങ്ങിപോയെന്നും ഈ സമയത്ത് കൃഷ്ണൻ പീഡിപ്പിച്ചു എന്നാണ് പരാതി. കൃഷ്ണനെതിരെ പോക്സോ കേസെടുത്തു.
ഇരിട്ടിയിലെ പാരലൽ കോളജ് വിദ്യാർത്ഥിനിയായ പെൺകുട്ടി കടുത്ത വയറുവേദനയെ തുടർന്നാണ് ഞായറാഴ്ച രാവിലെ അമ്മയോടൊപ്പം അയൽവാസിയുടെ ഓട്ടോറിക്ഷയിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയത്. ഡോക്ടറെ കാത്തു നിൽക്കവേ വേദന അസഹ്യമായതോടെ ശുചി മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെയും നവജാത ശിശുവിന്റെയും കരച്ചിൽ കേട്ടാണ് പുറത്തു നിൽക്കുന്നവർ വിവരം അറിയുന്നത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഉളിക്കൽ പൊലിസ് ഇൻസ്പെക്ടർ സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അന്വേഷണം നടത്തി.















