കോഴിക്കോട്> കോതി ബീച്ചിനടുത്ത് കഴിഞ്ഞ ദിവസം കടൽ ഉൾവലിഞ്ഞ പ്രതിഭാസത്തെക്കുറിച്ച് ഇൻകോയിസ്(ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്) പഠനം നടത്തും. ഉപഗ്രഹ ചിത്രങ്ങളുൾപ്പെടെ ലഭ്യമാകുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാഥമിക പഠനമാണ് നടത്തുക. ആറ് വർഷം മുമ്പ് കൊല്ലത്തും സമാന പ്രതിഭാസം ഉണ്ടായിരുന്നു. ഇത് ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണിത്.
വേലിയേറ്റ സമയത്തെ തിരമാലകളുടെ കൂട്ടിമുട്ടലുകളിലൂടെ ഇത്തരം ഉൾവലിയലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഹൈദരാബാദ് ഇൻകോയിസിലെ ശസ്ത്രജ്ഞനും എആർഒ ആൻഡ് എംഡിഎ ഡിവിഷൻ തലവനുമായ ഡോ. സുധീർ ജോസഫ് പറയുന്നു. ‘ശാസ്ത്രീയ പഠനം നടത്താതെ ഇത് ഉറപ്പാക്കാനാകില്ല. പ്രതിഭാസത്തിന്റെ കാരണവും പ്രത്യാഘാതവും അറിയണമെങ്കിൽ സ്ഥിരമായ നിരീക്ഷണ സംവിധാനം സ്ഥാപിച്ച് വലിയ പഠനം നടത്തണം. പല സ്ഥലങ്ങളിലായി നടക്കുന്നതിനാൽ ഇതിന് പരിമിതി ഉണ്ട്. എങ്കിലും ലഭ്യമായ വിവരങ്ങൾകൊണ്ട് പഠനം നടത്താനാണ് ആലോചന’– അദ്ദേഹം പറഞ്ഞു.
കോതിയിൽ കടൽ ഉൾവലിഞ്ഞ പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ ശേഖരിക്കും. 200 മീറ്ററിനുള്ളിലുള്ള വേലിയേറ്റമാപിനി യന്ത്രത്തിൽ നിന്നുള്ള സിഗ്നലുകളും പരിശോധിക്കും. കൊല്ലത്ത് ഈ പ്രതിഭാസം ഉണ്ടായ സമയം, ഉപഗ്രഹ ചിത്രങ്ങൾ എന്നിവയും എടുത്ത് താരതമ്യ പഠനം നടത്തും. കോതിയിൽ കടൽ സാധാരണ നിലയിലായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സുനാമിയ്ക്ക് മുമ്പേയായി കടലിൽ ഇത്തരം മാറ്റമുണ്ടാകാറുണ്ട്. എന്നാൽ അത്തരം മുന്നറിയിപ്പുകളൊന്നും ബന്ധപ്പെട്ട സംവിധാനങ്ങളിൽ ലഭിക്കാത്തതിനാൽ സുനാമി സാധ്യതയുമില്ലെന്നാണ് വിദഗ്ധാഭിപ്രായം. പ്രതിഭാസം ആവർത്തിക്കുന്നുവെങ്കിൽ കടലിൽ ഇറങ്ങാതിരിക്കൽ ഉൾപ്പെടെ ജാഗ്രത പുലർത്തണം.
കോതിയിൽ ശനി രാത്രി ഏഴോടെയാണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം സാധാരണ നിലയിലായി. ചെറിയ മത്സ്യങ്ങളും കടലിലെ മാലിന്യങ്ങളുമായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്. നിരവധി പേർ സ്ഥലം കാണാനെത്തുന്നുണ്ട്.