നൗകാമ്പ്
‘യാഥാർഥ്യം ഇതാണ്. നമ്മളത് അഭിമുഖീകരിച്ചേ മതിയാകൂ’–-ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽനിന്ന് പുറത്തായതിനുപിന്നാലെ ബാഴ്സലോണ പരിശീലകൻ സാവി തുറന്നടിച്ചു.
തുടർച്ചയായ രണ്ടാംസീസണിലാണ് അഞ്ചുവട്ടം ജേതാക്കളായ ബാഴ്സ ഗ്രൂപ്പ് ഘട്ടം കടക്കാതെ മടങ്ങുന്നത്. ഇനി യൂറോപ ലീഗിൽ ബൂട്ടുകെട്ടാം. ബയേൺ മ്യൂണിക്കിനെതിരായി സ്വന്തംതട്ടകമായ നൗകാമ്പിൽ കളിക്കിറങ്ങുംമുമ്പേ ബാഴ്സയുടെ വിധി ഇന്റർ മിലാൻ പുറപ്പെടുവിച്ചിരുന്നു. വിക്ടോറിയ പ്ലെസെനെ നാല് ഗോളിന് വീഴ്ത്തി ഇന്റർ സി ഗ്രൂപ്പിലെ രണ്ടാംസ്ഥാനം സുരക്ഷിതമാക്കി. പിന്നാലെ ബയേണിന് മുന്നിലെത്തിയ ബാഴ്സ മൂന്ന് ഗോളിന് തകർന്നു. തുടർച്ചയായ ആറാംകളിയിലും ജർമൻ ചാമ്പ്യൻമാരോട് കീഴടങ്ങി. കളിച്ച അഞ്ചിൽ ഒന്നിൽമാത്രമാണ് ബാഴ്സയ്ക്ക് ജയിക്കാനായത്. മൂന്നിൽ തോറ്റു. ആകെ നാല് പോയിന്റ്.
കഷ്ടകാലത്തിൽനിന്ന് കരകയറാൻ എല്ലാ ഒരുക്കവും നടത്തിയിരുന്നു സ്പാനിഷ് പട. താരകൈമാറ്റ വിപണിയിൽ ചെലവഴിച്ചത് 1900 കോടിയോളം രൂപ. ബയേണിൽനിന്ന് ഗോളടിക്കാരൻ റോബർട്ട് ലെവൻഡോവ്സ്കി വന്നതായിരുന്നു പ്രധാനം. റഫീന്യ, ആൻഡ്രിയാസ് ക്രിസ്റ്റ്യൻസെൻ, ജൂലെസ് കൗണ്ടെ, മാർകോസ് അലോൺസോ തുടങ്ങി എല്ലാനിരയിലും മികച്ച കളിക്കാർ എത്തി. ബാഴ്സ അക്കാദമിയിലെ കൗമാരക്കാർക്കും സ്ഥാനക്കയറ്റം നൽകി പരിശീലകൻ സാവി. കടലാസിൽ പുലികളായ സംഘത്തിന് പക്ഷേ കളത്തിൽ കാലിടറി. പ്രധാനവേദികളിൽ സമ്മർദത്തിന് അടിപ്പെട്ട് കളിമറക്കുന്ന കാഴ്ചയായിരുന്നു. ചാമ്പ്യൻസ് ലീഗിനുപുറമെ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനോടും ഈ രീതിയിൽ തോറ്റു.
മുൻതോൽവികൾക്ക് പകരംചോദിക്കാനുള്ള നേരമാണിതെന്ന് പറഞ്ഞായിരുന്നു ബയേണിനെതിരെ സാവി ബാഴ്സയെ അങ്കത്തിനിറക്കിയത്. എന്നാൽ, നൗകാമ്പിൽ ആർപ്പുവിളിച്ചെത്തിയ എൺപതിനായിരം ആരാധകർ കണ്ണീരണിഞ്ഞാണ് മടങ്ങിയത്. സാദിയോ മാനെ, എറിക് മാക്സിം ചൗപോ മൊടിങ്, ബെഞ്ചമിൻ പവാർഡ് എന്നിവരുടെ ഗോളുകൾ ബാഴ്സയുടെ വിധിയെഴുതി.
യൂറോപയ്ക്കുപുറമെ സ്പാനിഷ് ലീഗിലാണ് ഇനി ബാഴ്സയുടെ ശ്രദ്ധ.