കണ്ണൂർ> കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി എസ്എഫ്ഐ. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 69 കോളേജുകളിൽ 52ലും എസ്എഫ്ഐ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. കണ്ണൂർ ജില്ലയിൽ 44 കോളേജുകളിൽ 35ഉം കാസർകോട് 20ൽ 13ഉം വയനാട് അഞ്ചിൽ നാലും എസ്എഫ്ഐ നേടി. കണ്ണൂരിൽ 23, കാസർകോട് ആറ്, വയനാട് മൂന്ന് കോളേജുകളിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ എതിരില്ലാതെയാണ് ജയിച്ചത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും എസ്എഫ്ഐ വൻ കുതിപ്പു നടത്തി. കണ്ണൂരിൽ 49, കാസർകോട് 15, വയനാട് നാല് എന്നിങ്ങനെ ആകെ 68 കൗൺസിലർമാരുണ്ട്.
കണ്ണൂർ എസ്എൻ, ശ്രീകണ്ഠപുരം എസ്ഇഎസ്, മാടായി കോളേജ് എന്നിവിടങ്ങളിൽ വിദ്യാർഥി സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു. കണ്ണൂർ ഗവ. വനിതാ കോളേജ്, തലശേരി ഗവ. ബ്രണ്ണൻ കോളേജ്, പയ്യന്നൂർ കോളേജ്, തോട്ടട എസ്എൻജി, കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, പെരിങ്ങോം ഗവ. കോളേജ്, മട്ടന്നൂർ പഴശ്ശിരാജ കോളേജ് തുടങ്ങി 12 കോളേജുകളിൽ വൻ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചത്. പൈസക്കരി ദേവമാത കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു.
കാസർകോട് ജില്ലയിൽ ചീമേനി ഐഎച്ച്ആർഡി, കാലിച്ചാനടുക്കം എസ്എൻഡിപി കോളേജ്, മടിക്കൈ ഐഎച്ച്എആർഡി, കരിന്തളം ഗവ. കോളേജ്, എളേരിത്തട്ട് ഇ കെ നായനാർ ഗവ. കോളേജ്, നീലേശ്വരം പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ് എന്നിവിടങ്ങളിലാണ് മുഴുവൻ സീറ്റുകളിലും എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചത്. കാഞ്ഞങ്ങാട് നെഹ്റു, രാജപുരം സെന്റ് പയസ്, മുന്നാട് പീപ്പിൾസ് തുടങ്ങിയ പ്രധാന കോളേജുകളിലും എസ്എഫ്ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. പനത്തടി സെന്റ്മേരീസ് കോളേജ് പിടിച്ചെടുത്തു. വെള്ളരിക്കുണ്ട് സെന്റ് ജൂഡ് കോളേജിൽ ചെയർമാൻ, ജനറൽ ക്യാപ്റ്റൻ സ്ഥാനങ്ങളും മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ ചെയർമാൻ സ്ഥാനവും എസ്എഫ്ഐ നേടി.
വയനാട്ടിൽ മാനന്തവാടി ഗവ. കോളേജ്, മാനന്തവാടി കണ്ണൂർ യൂണിവേഴ്സിറ്റി സെന്റർ, പി കെ കാളൻ മെമ്മോറിയൻ കോളേജ് എന്നിവിടങ്ങളിൽ എതിരില്ലാതെയാണ് എസ്എഫ്ഐ വിജയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന മാനന്തവാടി മേരി മാതാ കോളേജിൽ മുഴുവൻ സിറ്റിലും വിജയിച്ചു. ഡബ്ല്യുഎംഒ ഇമാംഗസാലി കോളേജ് എംഎസ്എഫ് നിലനിർത്തി.